ബൈക്ക് യാത്രികന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
കോഴിക്കോട് : കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി.
സംഭവത്തില്‍ അന്വേഷണത്തിന് കെഎസ്‌ഇബി ചെയര്‍മാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതനിടെയാണ് അപകടമുണ്ടായത്. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കില്‍ നടപടി ഉണ്ടാകും. എല്ലാം അന്വേഷണത്തില്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. നഷ്ടപരിഹാരത്തുക തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് വീണുണ്ടായ അപകടത്തില്‍ ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ ആണ് മരിച്ചത്. സംഭവത്തില്‍ കുറ്റകരമായ നരഹത്യക്ക് ബേപ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയതെന്നാണ് പൊലീസ് പറയുന്നത്.
പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് ആക്ഷേപം. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട്-ബേപ്പൂര്‍ പാത ഉപരോധിച്ചു. എന്നാലിതിന് കരാറുകാരനാണ് ഉത്തരവാദിയെന്നാണ് കെഎസ്‌ഇബി ഡിവിഷണല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാജി സുധാകരന്‍ പ്രതികരിച്ചത്. പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും കെഎസ്‌ഇബി അറിയാതെയാണ് കരാറുകാരന്‍ പഴയ പോസ്റ്റ് നീക്കിയതെന്നും ഷാജി സുധാകരന്‍ പറയുന്നു. മരിച്ച ആളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.