ദേശീയം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ ആറിനും നവംബര്‍ പതിനൊന്നിനുമാണ് വോട്ടെടുപ്പെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. വോട്ടണ്ണെല്‍ നവംബര്‍ പതിനാലിനാണ്. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.

ആകെ വോട്ടര്‍മാരുടെ എണ്ണം 7.43 കോടിയാണ്. 3.92 കോടി പുരുഷന്‍മാരും 3.5 കോടി സ്ത്രികളും ഉള്‍പ്പെടുന്നു. പുതിയ വോട്ടര്‍മാരുടെ എണ്ണം 14 ലക്ഷമാണ്. 90,712 പോളിങ് ബൂത്തുകളാണ് ഉളളത്.എല്ലാ ബൂത്തിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും. പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് വിലക്കുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

വോട്ടെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയൊരുക്കുമെന്നും കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. വ്യാജ വാര്‍ത്ത തടയാന്‍ ജില്ലാ തല ടീമുകളെ വിന്യസിക്കും. 22 വര്‍ഷത്തിന് ശേഷം ബിഹാറില്‍ വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇവിഎമ്മില്‍ സ്ഥാനാര്‍ഥികളുടെ കളര്‍ഫോട്ടോ പതിക്കും. യോഗ്യരായ ഒരാളെയും വോട്ടര്‍ പട്ടികയില്‍ നിന്ന്‌ ഒഴിവാക്കില്ല. ഒരു ബൂത്തില്‍ 1200 വോട്ടര്‍മാരാണ് സമ്മതിദാന അവകാശ വിനിയോഗിക്കുക,

ഓഗസ്റ്റ് 1ന് കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 30ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ഇത്തവണ യാതൊരു പ്രശ്നങ്ങളുമില്ലാതെ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതെങ്ങനെയാണെന്ന് രാജ്യത്തെ മറ്റുള്ളവർക്ക് ബിഹാർ കാണിച്ചു കൊടുത്തു.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളായാണ് നടന്നത്. നവംബര്‍ 10നായിരുന്നു ഫലപ്രഖ്യാപനം. ഇക്കുറി അധികാരത്തുടര്‍ച്ചയുണ്ടാകുമെന്ന് എന്‍ഡിഎ പറയുമ്പോള്‍ ബിഹാറിലെ നിതീഷ് യുഗത്തിന് അന്ത്യമാകമെന്നാണ് ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം.

ബിജെപി, ജനതാദള്‍ (യുനൈറ്റഡ്), ലോക് ജന്‍ശക്തി പാര്‍ട്ടി എന്നിവയാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്. ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടും. ബിജെപി (80), ജെഡിയു (45), ആര്‍ജെഡി(77), കോണ്‍ഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button