ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; ബിബിസി തലപ്പത്ത് രാജി

ലണ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന വിവാദത്തിനു പിന്നാലെ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടർണസും രാജിവച്ചു. ബിബിസി ഡയറക്ടർ ജനറൽ സ്ഥാനം രാജിവെക്കുന്നതായി ജീവനക്കാർക്കയച്ച കത്തിൽ ഡേവി വ്യക്തമാക്കി. രാജി സ്വന്തം തീരുമാനപ്രകാരമായിരുന്നെന്നും ഡേവി അറിയിച്ചു.
‘‘ബിബിസി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പക്ഷേ, ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ഡയറക്ടർ ജനറൽ എന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു’’– ഡേവി പ്രസ്താവനയിൽ അറിയിച്ചു. പുതിയ ഡയറക്ടർ ജനറലിനെ കണ്ടെത്താൻ ബിബിസിയുടെ ബോർഡുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദം, ഞാൻ സ്നേഹിക്കുന്ന ബിബിസി എന്ന സ്ഥാപനത്തെ മോശമായി ബാധിച്ചു. തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും സമീപകാലത്തായി ബിബിസി പക്ഷാപാതപരമായി പെരുമാറുന്നു എന്ന ആരോപണങ്ങൾ തെറ്റാണ്’’– രാജിവച്ചതിനു പിന്നാലെ ഡെബോറ ടർണസ് പറഞ്ഞു.
ബിബിസി പനോരമ ഡോക്യുമെന്ററി ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് ഇരുവരുടെയും രാജി. 2021ലെ ക്യാപിറ്റൽ ഹിൽ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ട്രംപിന്റെ രണ്ടു വ്യത്യസ്ത പ്രസംഗങ്ങൾ ചേർത്ത് ഒന്നാക്കിയെന്നായിരുന്നു ആരോപണം. കഴിഞ്ഞ വർഷം സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കൻഡ് ചാൻസ് എന്ന ഡോക്യുമെന്ററിയെ കുറിച്ചായിരുന്നു വിവാദം. ഇതുമായി ബന്ധപ്പെട്ട് ബിബിസിയിലെ ആഭ്യന്തര മെമ്മോ പുറത്താവുകയും ദ് ടെലഗ്രാഫ് അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ബിബിസി എഡിറ്റോറിയൽ സ്റ്റാൻഡേർഡ്സ് കമ്മിറ്റിയുടെ മുൻ ഉപദേഷ്ടാവായ മൈക്കൽ പ്രെസ്കോട്ടിൽ നിന്നാണ് മെമ്മോ ചോർന്നത്.



