യൂറോപ്യൻ യൂണിയൻ വാർത്തകൾ
ടുറിൻ – മിലാൻ ഹൈവേയിലെ അപകടത്തിൽ ബാർബി പാവകളുടെ ഡിസൈനർമാർ മരിച്ചു

മിലാൻ : ബാർബി പാവകളുടെ വ്യത്യസ്ത രൂപകൽപനയിലൂടെ ശ്രദ്ധനേടിയ ഡിസൈനർമാരായ മാരിയോ പഗ്ലിനോയും (52) ജിയാനി ഗ്രോസിയും (55) അപകടത്തിൽ മരിച്ചു. ജീവിതപങ്കാളികളായ ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിച്ചായിരുന്നു അപകടം. ഇറ്റലിയിലെ ടുറിൻ – മിലാൻ ഹൈവേയിലായിരുന്നു ദാരുണമായ അപകടം നടന്നത്.
1999ൽ ഇരുവരും ചേർന്നു സ്ഥാപിച്ച ‘മാഗിയ2000’ സ്ഥാപനമാണ് വ്യത്യസ്തമായ ബാർബി പാവകൾ രൂപകൽപന ചെയ്തത്. മഡോണ, വിക്ടോറിയ ബെക്കാം, ലേഡി ഗാഗ, സാറാ ജെസീക്ക പാർക്കർ എന്നിവരുടെ രൂപത്തിലുള്ള ബാർബി പാവകൾ ശ്രദ്ധേയമായിരുന്നു. മാറ്റെൽ കമ്പനിയുടെ കീഴിലുള്ള ബ്രാൻഡിനു നൽകിയ സംഭാവനകൾക്ക് 2016ൽ ഇവർക്കു ബാർബി ബെസ്റ്റ് ഫ്രണ്ട് അവാർഡ് ലഭിച്ചു.