വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് ഒബാമ

ന്യൂയോർക്ക് : വിവാഹമോചന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ഭാര്യയുമായി അത്ര സുഖത്തിലല്ലെന്ന് വ്യക്തമാക്കി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ. താനും ഭാര്യ മിഷേലുമായുള്ള ബന്ധത്തിന്‍റെ ആഴത്തില്‍ ഒരു കുറവ് വന്നിട്ടുണ്ടെന്നും ആ പ്രശ്നത്തില്‍ നിന്ന് കരകയറാന്‍ താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഹാമില്‍ടണ്‍ കോളജില്‍ നല്‍കിയ അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കി.
തന്‍റേതായ ശൈലിയില്‍ രസകരമായി ബന്ധത്തിലെ പോരായ്മകള്‍ പരിഹരിക്കുമെന്നും ഒബാമ പറഞ്ഞു. മിഷേലും ഒബാമയും തമ്മില്‍ അത്ര രസത്തിലല്ല എന്ന വാര്‍ത്തകള്‍ പരന്ന് മാസങ്ങളായി. ഡൊണാള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനും മുന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറിന്‍റെ സംസ്കാര ചടങ്ങിനും ട്രംപ് ഒറ്റയ്ക്ക് വന്നതാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്.
ഇരുവരുടെയും ബന്ധം സുദൃഢമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അവാസ്തവമാണെന്നുമാണ് ഒബാമ അനുകൂലികളുടെ അവകാശ വാദം ഇതോടെ പൊളിഞ്ഞു. രാഷ്ട്രീയപരമായ ഭിന്നതയാകാം മിഷേല്‍ ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നതിന്‍റെ കാരണമെന്നും ഇതില്‍ വ്യക്തിപരമായി ഒന്നും ചികയേണ്ടതില്ലെന്നും അനുകൂലികള്‍ പറഞ്ഞിരുന്നു.
ട്രംപിന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ മിഷേല്‍ വിട്ടുനിന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഈ ചടങ്ങില്‍ മുന്‍ യുഎസ് പ്രസിഡന്‍റുമാരും പ്രഥമ വനിതകളും ഒന്നിച്ച് പങ്കെടുകയാണ് പതിവ്. ഇതിന് മുന്‍പ് നടന്ന ജിമ്മി കാര്‍ട്ടറുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന് ‘മറ്റു പരിപാടികള്‍ക്കിടയില്‍’ ആയിപ്പോയെന്ന വിശദീകരണമാണ് അവര്‍ നല്‍കിയത്. ട്രംപിനും ജോര്‍ജ് ബുഷിനുമൊപ്പമാണ് ചടങ്ങില്‍ ഒബാമ ഇരുന്നത്.