അന്തർദേശീയം

ഇന്ത്യ വിചാരണയ്ക്കായി ഷേഖ് ഹസീനയെ കൈമാറണം : ബംഗ്ലാദേശ്

ന്യൂഡല്‍ഹി : രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് നയതന്ത്ര കുറിപ്പ് കൈമാറി. വിചാരണ നടപടികള്‍ക്കായി ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗികമായി ഇന്ത്യയ്ക്ക് കത്ത് കൈമാറിയതായി ഇടക്കാല സര്‍ക്കാരിന്റെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈന്‍ ആണ് വ്യക്തമാക്കിയത്.

ബംഗ്ലാദേശിലുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനും വംശഹത്യയ്ക്കും എതിരായ കുറ്റങ്ങള്‍ ചുമത്തി ധാക്കയിലെ ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണല്‍ (ഐസിടി) ഷേഖ് ഹസീനയുടെയും, അന്നത്തെ മന്ത്രിമാരുടെയും ഉപദേശകരുടെയും മുന്‍ സൈനിക, സിവില്‍ ഉദ്യോഗസ്ഥരുടെയും പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷേഖ് ഹസീനയെ കൈമാറുന്നത് ആവശ്യപ്പെടാന്‍ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയം വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

വിദ്യാര്‍ത്ഥി പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 5 നാണ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് 77 കാരിയായ ഷേഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അവാമി ലീഗിന്റെ 16 വര്‍ഷം നീണ്ട ഭരണത്തിനെതിരെയാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യയില്‍ അഭയം തേടിയ ഹസീനയെ വിട്ടുനല്‍കണമെന്ന് നേരത്തെ മുതല്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button