ഊര്‍ജ പ്രതിസന്ധി : ബംഗ്ലാദേശ് ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഒരു മണിക്കൂര്‍ നേരത്തെ പൂട്ടും; വൈദ്യുതി അലങ്കാരങ്ങള്‍ക്കും നിരോധനം

ധാക്ക : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തത്തില്‍ രൂപം കൊണ്ട ഊര്‍ജപ്രതിസന്ധി മറികടക്കാന്‍ കടുത്ത നിയന്ത്രണങ്ങളുമായി ബംഗ്ലാദേശ്. ഓഫീസ്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ സമയം വെട്ടിക്കുറയ്ക്കുകയും വിവാഹങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുതി അലങ്കാരങ്ങള്‍ നിരോധിക്കുകയും ചെയ്തു. രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ 60 ശതമാനത്തോളം ഉത്പാദിപ്പിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഗ്യാസ് ഉപയോഗിച്ചാണ് എന്ന സാഹചര്യമാണ് നടപടികള്‍ കടുപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
രാജ്യത്തിന് ആവശ്യമായ എണ്ണ, വാതക ഉത്പന്നങ്ങളുടെ 95 ശതമാനവും ഇറക്കുമതിയാണ്. പശ്ചിമേഷ്യയെയാണ് പ്രധാനമായും ഇതിന് ആശ്രയിക്കുന്നത്. നിലവില്‍ പെട്രോളും ഡീസലും ആവശ്യത്തിന് സ്റ്റോക്കുണ്ടെങ്കിലും അനാവശ്യ ചെലവുകള്‍ കുറയ്ക്കാനാണ് ഇപ്പോഴത്തെ നടപടികളെന്നാണ് വിശദീകരണം. വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും ബാങ്കുകളും സാധാരണ സമയത്തിനും ഒരു മണിക്കൂര്‍ മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നാണ് നിര്‍ദേശം. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാകും ഇനി പ്രവര്‍ത്തിക്കുക. ബാങ്കുകള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 3 വരെയും തുറന്നിരിക്കുമെന്ന് സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ മാധ്യങ്ങളെ അറിയിച്ചു.
സാധാരണയായി വൈകി തുറന്നിരിക്കുന്ന ഷോപ്പിങ് സെന്ററുകള്‍ വൈകുന്നേരം 6 മണിയോടെ അടച്ചിടും, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ പതിവ് സമയത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ മാളുകളില്‍ നടപ്പാക്കിയ അലങ്കാര വിളക്ക് നിരോധനമാണ് ഇപ്പോള്‍ വിവാഹങ്ങളിലേക്കും വ്യാപിപ്പിച്ചത്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ചെലവ് ചുരുക്കല്‍ നടപടികള്‍ ശക്തമാക്കാനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ ഉള്‍പ്പെടെ പുതിയ സാധനങ്ങള്‍ വാങ്ങരുത്, അതിഥി സത്കരാരങ്ങള് കുറയ്ക്കണം എന്നിവയാണ് നിര്‍ദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിദേശ പരിശീലനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ മൊത്തം ഇന്ധന ഉപഭോഗത്തിന്റെ കുറഞ്ഞത് 30 ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു. ഊര്‍ജ്ജ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഏകദേശം 2 ദശലക്ഷം ഡോളറിന്റെ വായ്പ ലഭ്യമാക്കാന്‍ ശ്രമം തുടങ്ങിയതായും ബംഗ്ലാദേശ് അറിയിച്ചു.



