കോടതി വളഞ്ഞ് പ്രതിഷേധക്കാരുടെ അന്ത്യശാസനം: ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജിവച്ചു
ധാക്ക : രൂക്ഷമായ ജനകീയ പ്രതിഷേധത്തെത്തുടർന്ന് ബംഗ്ളാദേശ് ചീഫ് ജസ്റ്റിസ് രാജിവെച്ചു. സുപ്രീം കോടതി വളഞ്ഞ പ്രതിഷേധക്കാർ ചീഫ് ജസ്റ്റിസിൻ്റെ രാജി ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് ഒബൈദുൽ ഹസ്സൻ രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. രാജിവെച്ചില്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിമാരുടെയും ചീഫ് ജസ്റ്റിസിൻ്റെയും വസതികൾ ആക്രമിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തുടനീളമുള്ള സുപ്രീം കോടതിയിലേയും കീഴ്‌ക്കോടതികളിലെയും ജഡ്ജിമാരുടെ സുരക്ഷ കണക്കിലെടുത്താണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്ന് ചീഫ് ജസ്റ്റിസ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ തൻ്റെ രാജിക്കത്ത് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീന് അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് കോടതി യോഗം വിളിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ പ്രതിഷേധം ആരംഭിച്ചത് . വിദ്യാർത്ഥികളും അഭിഭാഷകരും ഉൾപ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാർ സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുകയും കോടതി പരിസരം കയ്യടക്കുകയും ചെയ്തു.