യൂറോപ്യൻ യൂണിയൻ വാർത്തകൾ

മോശം കാലാവസ്ഥ : ബ്രിട്ടനില്‍ പലയിടത്തും പുതുവത്സര ആഘോഷങ്ങള്‍ റദ്ദാക്കി

ലണ്ടന്‍ : മോശം കാലാവസ്ഥയെ തുടര്‍ന്ന് ബ്രിട്ടനില്‍ പലയിടത്തും പുതുവത്സര ആഘോഷങ്ങള്‍ റദ്ദാക്കി. സ്‌കോട്ട്‌ലന്‍ഡിലെ പ്രധാന നഗരമായ എഡിന്‍ബറോയില്‍ പുതുവത്സര ആഘോഷങ്ങള്‍ ഉപേക്ഷിച്ചു. ഇവിടെ അടുത്ത 36 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

എഡിന്‍ബറോയില്‍ മോശം കാലാസ്ഥയെ തുടര്‍ന്ന് ഔട്ട്‌ഡോര്‍ ഇവന്റുകളെല്ലാം റദ്ദാക്കുന്നതായി ഹോഗ്‌മെനെ ഫെസ്റ്റിവല്‍ സംഘാടകര്‍ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രശസ്തമായ എഡിന്‍ബറോ സ്ട്രീറ്റ് പാര്‍ട്ടിയും വെടിക്കെട്ടും ഇക്കുറി ഉണ്ടാകില്ലെന്നും സംഘാടകര്‍ അറിയിച്ചു. സെന്റ് ഗില്‍സ് കത്തീഡ്രലിലെ കാന്‍ഡില്‍ലിറ്റ് കണ്‍സേര്‍ട്ട് മാത്രമായി എഡിന്‍ബറോയിലെ പൊതു ആഘോഷപരിപാടികള്‍ ഒതുങ്ങും. ബ്രാക്ക്പൂള്‍ സീസൈഡിലെ വെടിക്കെട്ട് പ്രദര്‍ശനം റദ്ദാക്കിയിട്ടുണ്ട്.

രാജ്യമെങ്ങും പ്രത്യേകിച്ച് സ്‌കോട്ട്‌ലന്‍ഡില്‍ അടുത്ത മൂന്നു ദിവസം വളരെ മോശം കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ്. കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍വെര്‍നെസിന് ചുറ്റുമുള്ള പ്രദേശത്ത് ചൊവ്വാഴ്ച മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇംഗ്ലണ്ട്, വടക്കന്‍ അയര്‍ലന്‍ഡ്, വെയില്‍സ് എന്നിവയുടെ ചില ഭാഗങ്ങളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഇവിടെ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ കാറ്റ് വീശിയേക്കാമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ലണ്ടനില്‍ പുതുവത്സരാഘോഷ പരിപാടികള്‍ റദ്ദാക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ബുധനാഴ്ച വരെ മുന്നറിയിപ്പുകളുള്ളതിനാല്‍ കാലാവസ്ഥാ പ്രവചനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ലണ്ടന്‍ സിറ്റി ഹാള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button