ദേശീയം

ആക്സിയം 4 ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി; വൻ സ്വീകരണം

ന്യൂഡൽഹി : ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല രാജ്യത്തെത്തി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയോടെയാണ് ശുഭാംശു ശുക്ലയെത്തിയത്. കുടുംബാം​ഗങ്ങൾ, കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ എന്നിവർ ശുഭാംശു ശുക്ലയെ സ്വീകരിക്കാനെത്തിയിരുന്നു.

ദേശീയപതാകയുമായി നിരവധി പേരും ശുക്ലയെ വരവേറ്റു. ഏകദേശം ഒരു വർഷത്തിനു ശേഷമാണ് ശുഭാംശു ശുക്ല ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശുഭാംശു ഇന്ന് കൂടിക്കാഴ്‌ച നടത്തിയേക്കും. ഈ മാസം ഇരുപത്തിമൂന്നിന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിലും അദ്ദേഹം പങ്കെടുക്കും.

വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനുശേഷം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തെ ജനങ്ങളെയും കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് താൻ. ജീവിതം ഇതാണെന്ന് ഞാന്‍ കരുതുന്നു’. വിമാനയാത്രയ്ക്കിടെ ഇൻസ്റ്റ​ഗ്രാമിൽ എഴുതിയ വൈകാരിക കുറിപ്പില്‍ ശുഭാംശു ശുക്ല പറഞ്ഞു. സ്വദേശമായ ലഖ്നൗവിൽ ശുഭാംശു ശുക്ല പഠിച്ച സിറ്റി മോണ്ടിസോറി സ്കൂളിൽ 25ന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ജൂൺ 26ന് ആക്സിയം 4 മിഷിന്റെ ഭാഗമായാണ് ശുഭാംശു ബഹിരാകാശ നിലയത്തിലെത്തിയത്. സ്‌പേസ് എക്സ് ഡ്രാഗണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാലംഗ സംഘത്തിൽ ഒരാളാണ് ശുഭാംശു ശുക്ല. രാകേഷ് ശർമ്മയ്ക്കു ശേഷം ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനും ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച ഇന്ത്യക്കാരനുമാണ് ശുഭാംശു ശുക്ല.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button