നെതർലാൻഡ്സിനെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഓസ്ട്രിയ, രണ്ടാംസ്ഥാനക്കാരായി ഫ്രാൻസും പ്രീക്വാർട്ടറിൽ

മ്യൂണിച്ച് : വമ്പൻമാരായ ഫ്രാൻസും നെതർലൻഡ്സും അണിനിരന്ന ഗ്രൂപ്പ് ഡിയിലെ ചാമ്പ്യൻമാരായി ഓസ്ട്രിയ പ്രീ ക്വാർട്ടറിൽ . നെതർലൻഡ്സിനെതിരെ പൊരുതി നേടിയ ജയത്തോടെ ഓസ്ട്രിയക്ക് ആറുപോയന്റായി. പോളണ്ടിനെതിരെ സമനിലയിൽ കുരുങ്ങിയ ഫ്രാൻസ് അഞ്ചുപോയന്റുമായി പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ നാലുപോയന്റുള്ള നെതർലൻഡ്സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.എങ്കിലും നാലുപോയന്റുള്ളതിനാൽ മികച്ച മൂന്നാംസ്ഥാനക്കാരിൽ ഉൾപ്പെട്ട് പ്രീക്വാർട്ടറിൽ ചേക്കാറാനള്ള സജീവമാണ്.
ബെർലിനിൽ നടന്ന മത്സരത്തിൽ ഡൊൻയെൽ മാലെന്റെയുടെ സെൽഫ് ഗോളിന്റെ കനിവിൽ ആറാം മിനുറ്റിൽ തന്നെ ഓസ്ട്രിയ മുന്നിലെത്തി. 47ാം മിനുറ്റിൽ ഗാക്പോയിലൂടെ ഡച്ച് പട തിരിച്ചടിച്ചു. വൈകാതെ റൊമാനോ ഷ്മിഡ് ഓസ്ട്രിയയെ മുന്നിലെത്തിക്കുന്നു. 75ാം മിനുറ്റിൽ മെംഫിസ് ഡിപേയ് നെതർലൻഡ്സിന് സമനില നൽകിയെങ്കിലും 80ാം മിനുറ്റിൽ മാർസൽ സാബിറ്റ്സർ ഓസ്ട്രിയക്ക് വിജയമുറപ്പിച്ച ഗോൾ നൽകി. കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിൽ പ്രതിരോധത്തിലെ പാളിച്ചകളാണ് ഡച്ച് പടക്ക് വിനയായത്.
മറുവശത്ത് കിലിയൻ എംബാപ്പെയുടെ മടങ്ങിവരവിൽ ഉണർന്നുകളിച്ച ഫ്രാൻസ് നിരന്തരം പോളിഷ് ഗോൾമുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ടു. 56ാം മിനുറ്റിൽ എംബാപ്പെയുടെ പെനൽറ്റി ഗോളിലൂടെ മുന്നിലെത്തിയ ഫ്രാൻസിനെ 79ാം മിനുറ്റിൽ വീണുകിട്ടിയ പെനൽറ്റിയിലൂടെ ലെവൻഡോവ്സ്സിയും സംഘവും സമനിലയിൽ കുരുക്കുകയായിരുന്നു. യൂറോകപ്പിലെ എംബാപ്പെയുടെ ആദ്യഗോളാണിത്. ആദ്യ രണ്ടുമത്സരങ്ങളും പരാജയപ്പെട്ട പോളണ്ടിന് ആശ്വാസമേകുന്നതാണ് ഇന്നത്തെ സമനില.