16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സമൂഹ മാധ്യമ നിരോധനം; ആസ്ട്രേലിയയിൽ 10 ലക്ഷം അക്കൗണ്ടുകൾ നിർജീവമാകും

മെൽബൺ : ആസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് നിരോധനം വരുന്നതോടെ 10 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിർജീവമാകും.
ഡിസംബർ പത്തോടെ ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, യുട്യൂബ്, ഇൻസ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ പത്തിലധികം സമൂഹ മാധ്യമങ്ങളിലെ കുട്ടികളുടെ അക്കൗണ്ടുകളാണ് നിർജീവമാകുക. സമൂഹ മാധ്യമങ്ങളിൽനിന്ന് ഈ അക്കൗണ്ടുകൾ നീക്കം ചെയ്തില്ലെങ്കിൽ 495 ലക്ഷം ആസ്ട്രേലിയൻ ഡോളർ വരെ പിഴ നേരിടേണ്ടിവരും. നിയമം ലംഘിച്ചാൽ ടെക് കമ്പനികളാണ് പിഴയൊടുക്കേണ്ടിവരുക.
സർക്കാർ നിർദേശിക്കുന്ന പ്രായപരിധി പൂർത്തിയായാൽ മാത്രമേ സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുറക്കാൻ സാധിക്കൂ. കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം വിലക്കുന്നതിന് ആദ്യമായി നിയമം കൊണ്ടുവരുന്ന രാജ്യമാണ് ആസ്ട്രേലിയ.
സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ ഒഴിവാക്കുക, ദോഷകരമായ ഉള്ളടക്കം കുറക്കുക, കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നിയമം നടപ്പിലാക്കുന്നത്.



