ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെ ബോംബാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

കാർട്ടൂം : ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. പഴയ ഫാംഗക്കിലെ ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് മെഡിക്കല്‍ ചാരിറ്റി സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേസ് പറഞ്ഞു.
മനഃപ്പൂര്‍വം ആശുപത്രിക്കു നേരെ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായും രാജ്യത്തിന്റെ വടക്കു ഭാഗത്ത് പ്രവര്‍ത്തിക്കുന്ന അവസാന ആശുപത്രിയും ഫാര്‍മസിയുമാണ് ആക്രമണത്തില്‍ തകര്‍ന്നതെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്നും സാധാരണക്കാരായ ജനങ്ങളുടെയും ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളുടേയും സുരക്ഷ ഉറപ്പാക്കണമെന്നും അവർ എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ആക്രമണത്തിനു പിന്നിൽ ആരാണെന്നോ കാരണമോ വ്യക്തമല്ല. സംഭവത്തിൽ ദക്ഷിണ സുഡാന് മിലിട്ടറി വാക്താവുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ വിസമ്മതിച്ചതായി ദ അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പുലര്‍ച്ചെ 4.30ന് അക്രമികൾ രണ്ട് ഹെലികോപ്റ്ററുകളിലായെത്തി ഫാര്‍മസിക്കും പഴയ ഫാംഗക് നഗരത്തിനും മേലെ ബോംബിടുകയായിരുന്നുവെന്ന് സംഘടനാ മേധാവി മമ്മന്‍ മുസ്തഫ ആരോപിച്ചു. കൂടുതല്‍ പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുള്ളതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സുഡാന് വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കെയാണ് ആക്രമണം. 2011ല്‍ സുഡാനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം അസ്ഥിരത നിലനില്‍ക്കുന്ന ദക്ഷിണ സുഡാനില്‍ വീണ്ടും ആഭ്യന്തര യുദ്ധസാധ്യതയുള്ളതായി ഐക്യരാഷ്ട സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.