സ്പോർട്സ്

ഇംഗ്ലീഷ് പ്രീമിയർലീഗ് : ആഴ്‌സനലിന് ഞെട്ടിക്കുന്ന തോൽവി

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർലീഗിൽ ആഴ്‌സനലിന് ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത രണ്ട് ഗോളിന് ബോൺമൗത്താണ് ഗണ്ണേഴ്‌സിനെ കീഴടക്കിയത്. പ്രതിരോധതാരം വില്യാം സാലിബക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഭൂരിഭാഗം സമയവും പത്തുപേരുമായാണ് ആഴ്‌സനൽ കളിച്ചത്. സീസണിലെ ആർട്ടെറ്റയുടെ സംഘത്തിന്റെ ആദ്യ തോൽവിയാണിത്. റിയാൻ ക്രിസ്റ്റി, ജസ്റ്റിൻ ക്ലുയിവെർട്ട് എന്നിവർ ഗോൾനേടി.

ബോൺമൗത്തിനെതിരെ തുടക്കം മുതൽ ആഴ്‌സനൽ ആക്രമിച്ചു കളിച്ചെങ്കിലും ചുവപ്പ് കാർഡ് കളിയുടെ ഗതി മാറ്റി. 30ാം മിനിറ്റിലാണ് പ്രതിരോധ താരം വില്യം സാലിബ ചുവപ്പ് കാർഡ് വഴങ്ങി പുറത്തുപോയത്. മഞ്ഞകാർഡാണ് നൽകിയതെങ്കിലും വാർ പരിശോധനയിൽ ഡയറക്ട് റെഡ്കാർഡ് നൽകുകയായിരുന്നു. പന്തുമായി കുതിക്കുകയായിരുന്ന എവനിൽസനെ വീഴ്ത്തിയതിനാണ് ചുവപ്പ് കാർഡ് ലഭിച്ചത്.

ആഴ്‌സനൽ പത്തുപേരായി ചുരുങ്ങിയെങ്കിലും ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾനേടാനായില്ല. രണ്ടാം പകുതിയിൽ ബോൺമൗത്ത് ഗോൾകീപ്പർ കെപയുടെ പിഴവിൽ ലഭിച്ച സുവർണാവസരം മാർട്ടിനലി നഷ്ടപ്പെടുത്തി. ഒടുവിൽ കോർണർ കിക്കിൽ നിന്ന് ബൗൺമൗത്ത് ആദ്യ ഗോൾനേടി. 70ാം മിനിറ്റിൽ ക്ലൂയിവെർട്ടിന്റെ അസിസ്റ്റിൽ റിയാൻ ക്രിസ്റ്റി മികച്ചൊരു ഷോട്ടിലൂടെ ഗണ്ണേഴ്‌സ് ഹൃദയം തകർത്തു. ഒൻപത് മിനിറ്റിനകം സ്വന്തം കാണികൾക്ക് മുന്നിൽ രണ്ടാം ഗോളും നേടി. ഗോൾകീപ്പർ റയ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ജസ്റ്റിൻ ക്ലുവെർട്ട് അനായാസം വലയിലാക്കി. ആഴ്‌സനലിനെതിരെ ബോൺമൗത്തിന്റെ രണ്ടാമത്തെ വിജയമാണിത്.

ബുണ്ടെസ് ലീഗയിൽ ഹാരി കെയിന്റെ ഹാട്രിക് മികവിൽ ബയേൺ മ്യൂണിക് തകർപ്പൻ ജയം സ്വന്തമാക്കി. എതിരില്ലാത്ത നാല് ഗോളിന് വിഎഫ്ബി സ്റ്റുട്ട്ഗാർഡിനെയാണ് കീഴടക്കിയത്. കിങ്‌സ് ലി കോമാനാണ് മറ്റൊരു ഗോൾ സ്‌കോറർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button