ബംഗളൂരു : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന് ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തെ തുടര്‍ന്നാണ് നടപടി. ജീവനക്കാരെയും സര്‍ക്കാരിനെയും കബളിപ്പിച്ചുവെന്നാണ് കേസ്.
ബംഗളൂരുവിലെ കെആര്‍ പുരത്തെ റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറും റിക്കവറി ഓഫീസറുമായ ഷഡക്ഷര ഗോപാല്‍ റെഡ്ഡിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. റോബിന് ഉത്തപ്പയുടെ മേല്‍നോട്ടത്തിലുള്ള സെഞ്ചുറീസ് ലൈഫ് സ്റ്റെല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിഎഫ് വിഹിതം വെട്ടിക്കുറച്ചെങ്കിലും അവരുടെ അക്കൗണ്ടുകളിലേക്ക് ഈ പണം നിക്ഷേപിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ആരോപണം.
കമ്പനിയുടെ ഡയറക്ടറായ ഉത്തപ്പയില്‍ നിന്ന് 23.36 ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്ന് വാറണ്ടില്‍ പറയുന്നത്. ഉത്തപ്പക്കെതിരെ ഡിസംബര്‍ 27 നകം വാറണ്ട് പുറപ്പെടുവിക്കാന്‍ ഷഡക്ഷര ഗോപാല്‍ റെഡ്ഡി പുലകേശിനഗര്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു.