കേരളം

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 60 സെന്റ് സ്ഥലത്ത് പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കൂട്ടിയിട്ട് കത്തിച്ച് പൊലീസ്

പാലക്കാട് : അഗളിയില്‍ വന്‍ കഞ്ചാവ് വേട്ട. അറുപത് സെന്റ് സ്ഥലത്ത് പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. സത്യക്കല്ല് മലയുടെ താഴ് വരയിലാണ് വലിയ തോട്ടം കണ്ടെത്തിയത്. പാലക്കാട് ലഹരി വിരുദ്ധ സേനയും പുതൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോട്ടം കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തില്‍ കഞ്ചാവ് കൃഷി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സംയുക്ത ഓപ്പറേഷന്‍.

പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് പുതൂരിലേത് എന്നാണ് റിപ്പോര്‍ട്ട്. പെട്ടെന്ന് ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത പ്രദേശമായതിനാലാണ് സത്യക്കല്ല് മലയുടെ പ്രദേശം കൃഷിക്ക് തിരഞ്ഞെടുത്തത് എന്നാണ് വിലയിരുത്തല്‍. കാട്ടിലൂടെ അഞ്ച് കിലോമീറ്ററോളം നടന്നാണ് കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത സ്ഥലത്തേക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്.

എടിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പാലക്കാട് എസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഓപ്പറേഷന്‍. മൂന്ന് മാസത്തോളം പ്രായമായ ചെടികളാണ് കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ ഉദ്യോഗസ്ഥര്‍ തീയിട്ട് നശിപ്പിച്ചു. അട്ടപ്പാടിക്ക് പുറത്തുള്ളവരാണ് കൃഷിക്ക് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആരാണ് കൃഷി നടത്തിയത് എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button