ഭീകരാക്രമണത്തിനിടെ വീരമൃത്യു; ‘ഫാന്റ’ത്തിന് സൈനിക ബഹുമതികളോടെ വിട
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അഖ്‌നൂരില്‍ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട സൈനിക നായ ‘ഫാന്റ’ത്തിന് സൈനിക ബഹുമതികളോടെ അന്ത്യയാത്രാമൊഴി. പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരരെ സുരക്ഷാ സേന തുരത്തുന്നതിനിടെ ഒക്ടോബര്‍ 28നാണ് ഫാന്റം വെടിയേറ്റ് വീരചരമം പ്രാപിച്ചത്.
ഒക്ടോബര്‍ 28ന് രാവിലെ ആറരയോടെയാണ് സേനയുടെ ആംബുലന്‍സിന് നേരെ ഭീകരാക്രമണം ഉണ്ടായത്. സൈനികര്‍ പ്രത്യാക്രമണം നടത്തിയതോടെ ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു. പിന്നാലെ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ഒരു കെട്ടിടത്തിന്റെ നിലവറയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ ഭീകരരെ കണ്ടെത്തിയതോടെ വെടിവെപ്പ് ആരംഭിച്ചു. ഇതിനിടെയാണ് തിരച്ചില്‍ സംഘത്തിന് വഴികാട്ടിയായിരുന്ന സൈനിക നായ ഫാന്റത്തിന് വെടിയേറ്റത്. അധികം വൈകാതെ ഫാന്റത്തിന് ജീവന്‍ നഷ്ടമായി.
‘ഞങ്ങളുടെ ഹീറോ, ധീരനായ സൈനിക നായ ഫാന്റത്തിന്റെ അത്യുന്നതമായ ജീവത്യാഗത്തെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. നമ്മുടെ സൈന്യം ഭീകരര്‍ക്കുനേരെ അടുക്കുമ്പോള്‍ ഫാന്റത്തിന് ശത്രുക്കളുടെ വെടിയേല്‍ക്കുകയായിരുന്നു. അവന്റെ ധൈര്യവും വിശ്വസ്തതയും സമര്‍പ്പണബോധവും ഞങ്ങള്‍ ഒരിക്കലും മറക്കില്ല.’ -ഫാന്റത്തിന് അന്ത്യാഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍ എക്സില്‍ കുറിച്ചു.
നാലു വയസു പ്രായമുള്ള ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട നായയായിരുന്നു ഫാന്റം. 2022ലാണ് ഫാന്റം സൈന്യത്തിന്റെ ഭാഗമായത്. 2020 മേയ് 25-നാണ് ജനിച്ച ഫാന്റത്തിന്റെ പരിശീലനം ഉത്തര്‍പ്രദേശിലെ മീററ്റിലെ റീമൗണ്ട് വെറ്ററിനറി കോറിലായിരുന്നു. 2023ലും ഇന്ത്യക്ക് ഏറ്റവും പ്രിയപ്പെട്ട മറ്റൊരു സൈനിക നായയെ കൂടി നഷ്ടപ്പെട്ടിരുന്നു. 2023ല്‍ രജൗറി മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ആറുവയസു പ്രായമുള്ള ലാബ്രഡോര്‍ ഇനമായ കെന്റക്കിയെയാണ് അന്ന് നഷ്ടപ്പെട്ടത്.