അന്തർദേശീയം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടുത്ത വിമര്‍ശകൻ ആർച്ച് ബിഷപ്പ് വിഗാനോയെ വത്തിക്കാൻ പുറത്താക്കി

സഭയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം

റോം : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടുത്ത വിമര്‍ശകനും യു.എസിലെ മുന്‍ വത്തിക്കാന്‍ അംബാസിഡറും ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പുമായ കാര്‍ലോ മരിയ വിഗാനോയെ വത്തിക്കാന്‍ പുറത്താക്കി. വ്യാഴാഴ്ച നടന്ന അംഗങ്ങളുടെ യോഗത്തിന് ശേഷം വത്തിക്കാനിലെ ഡോക്ട്രിൻ ഓഫീസ് വിഗാനോയ്‌ക്കെതിരെ പിഴ ചുമത്തുകയും വെള്ളിയാഴ്ച തീരുമാനം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തുവെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

കത്തോലിക്കാ സഭയുടെ പരമോന്നത നേതാവായ മാര്‍പാപ്പയെ അംഗീകരിക്കാനും കീഴ്പപ്പെടാനും വിഗാനോ സമ്മതിച്ചുവെന്നും സംഭാംഗങ്ങളുമായുള്ള ആശയവിനിമയം നിരസിച്ചുവെന്നും കുറിപ്പില്‍ വിശദമാക്കുന്നു. സഭയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും 1960-കളിലെ രണ്ടാം വത്തിക്കാൻ കൗൺസിലിൽ സഭയെ നവീകരിക്കാൻ ലക്ഷ്യമിട്ട് വരുത്തിയ മാറ്റങ്ങൾ നിരസിച്ചുവെന്നുമാണ് വിഗാനോക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍. ഇനി മുതല്‍ വിഗാനോ ഔദ്യോഗികമായി സഭക്ക് പുറത്തായിരിക്കും. മാത്രമല്ല കാനോൻ നിയമത്തിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നായ ഭിന്നിപ്പിൻ്റെ പേരിൽ അതിൻ്റെ കൂദാശകൾ ആഘോഷിക്കാനോ സ്വീകരിക്കാനോ കഴിയില്ല. വിശ്വാസത്തിനും സഭയുടെ ഐക്യത്തിനും അപകടമുണ്ടാക്കുന്ന ഒന്നായിട്ടാണ് ഭിന്നതയെ സഭ കണക്കാക്കുന്നത്.

തനിക്കെതിരെയുള്ള ആരോപണങ്ങളെ ബഹുമതിയായി കാണുന്നുവെന്നാണ് വിഗാനോ പറഞ്ഞത്. കൂടാതെ സ്വയം പ്രതിരോധിക്കാൻ നേരിട്ടോ രേഖാമൂലമോ ഹാജരാകാൻ വിസമ്മതിക്കുകയും ചെയ്തു.തന്‍റെ നിലപാടിനെ ന്യായീകരിച്ച് കഴിഞ്ഞ മാസം നീണ്ട പരസ്യപ്രസ്താവന തന്നെ വിഗാനോ ഇറക്കിയിരുന്നു. പുറത്താക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് തന്നെ പിന്തുണച്ചവര്‍ക്കായി വെള്ളിയാഴ്ച ഒരു കുര്‍ബാന തന്നെ അര്‍പ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയെ അംഗീകരിക്കില്ലെന്ന നിലപാട് ബിഷപ്പിന്‍റെ പരസ്യ പ്രസ്താവനകളിൽ നിന്ന് വ്യക്തമാണെന്ന് വത്തിക്കാനിലെ ഡോക്ട്രിനൽ ഓഫീസ് പറഞ്ഞു. നേരത്തെ ലൈംഗികാരോപണം നേരിട്ട വൈദികനെ മാർപാപ്പ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപിച്ച് വിഗാനോ രംഗത്തെത്തിയിരുന്നു. ലൈഗികാരോപണത്തെ തുടർന്ന് രാജിവെച്ച കർദിനാൾ തിയോഡാർ മകാരിക്കിനെ ഫ്രാൻസിസ് മാർപാപ്പ സംരക്ഷിച്ചുവെന്നാണ് ആരോപണം. ഇതിനായി സഭാ അധികാരികളോടൊപ്പം ചേർന്ന് മാർപാപ്പ അട്ടിമറി നടത്തിയെന്നും വിഗാനോ പറഞ്ഞിരുന്നു. കർദ്ദിനാളിനെതിരെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എടുത്ത നടപടി റദ്ദാക്കിയെന്ന ഗുരുതര ആരോപണവും ബിഷപ്പ് ഉന്നയിച്ചിരുന്നു. മാര്‍പാപ്പ സ്വയം രാജിവച്ച് പുറത്തുപോകണമെന്നായിരുന്നു വിഗാനോ ആവശ്യപ്പെട്ടത്.

രേഖകളില്ലാത്ത കുടിയേറ്റക്കാരെ സ്വാഗതം ചെയ്‌തതിനും സ്വവർഗ ദമ്പതികൾക്ക് അനുഗ്രഹം അനുവദിച്ചതിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മാർപാപ്പയുടെ രചനകളെ ‘വിഭ്രാന്തി’ എന്ന് വിളിക്കുകയും കാർലോ മരിയ വിഗാനോ ഫ്രാൻസിസ് മാർപാപ്പയെ ശക്തമായി വിമർശിച്ചിരുന്നു. കൂടാതെ, ‘ അധികാരവും സ്വേച്ഛാധിപത്യ ഭരണവും പ്രകടിപ്പിക്കുന്ന ജോർജ്ജ് മരിയോ ബെർഗോഗ്ലിയോയുടെ അപവാദങ്ങളും പാഷണ്ഡതകളും ഞാൻ നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു,” വെന്ന് മാർപ്പാപ്പയുടെ യഥാർത്ഥ നാമം ഉപയോഗിച്ചാണ് കാർലോ മരിയ വിഗാനോ എഴുതിയത്. വത്തിക്കാന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. യു.എസിലെ ഗൂഢാലോചന സിദ്ധാന്തക്കാരുമായി അടുപ്പമുണ്ടായിരുന്ന വിഗാനോ കോവിഡ് വാക്സിനുകളെയും വിമര്‍ശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button