യുകെയിൽ ആപ്പിള്‍ എഡിപി ഇനി ഉണ്ടാകില്ല; സ്വകാര്യ വിവരങ്ങളിലേക്ക് സര്‍ക്കാരിന് പ്രവേശനം

ലണ്ടന്‍ : ആപ്പിള്‍ ഉപഭോക്താക്കളെ നിരാശരാക്കുന്ന വിധത്തില്‍ സുരക്ഷാ ക്രമീകണങ്ങളില്‍ കാതലായ മാറ്റം നടപ്പാക്കാന്‍ നിര്‍ബന്ധിതരായി ആപ്പിള്‍. ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ഡാറ്റാ സംരക്ഷണത്തില്‍ നിന്നാണ് ആപ്പിള്‍ പിന്നോട്ട് പോകുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്ന അഡ്വാന്‍സ്ഡ് ഡാറ്റ പ്രൊട്ടക്ഷന്‍ (എഡിപി) സംവിധാനമാണ് ആണ് യുകെ സര്‍ക്കാരിന്റെ ആവശ്യപ്രകാരം ആപ്പിള്‍ വെട്ടിച്ചുരുക്കുന്നത്.
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രകാരം ഐ ക്ലൗഡില്‍ സുരക്ഷിതമാക്കിയ ആപ്പിള്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളായ ഫോട്ടോകള്‍, മറ്റ് രേഖകള്‍ എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് മാത്രമായിരുന്നു നിയന്ത്രണം ഉണ്ടായിരുന്നത്. ആപ്പിള്‍ കമ്പനിക്ക് പോലും ഇവ ലഭ്യമായിരുന്നില്ല. ഇതിലേക്ക് പ്രവേശനം അനുവദിക്കണമെന്ന യു കെ സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ യു കെയില്‍ മാത്രമായിരിക്കും എഡിപി ഇളവ് ഉണ്ടാകുക.
പുതിയ ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് എഡിപി സംരക്ഷണം ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ നിലവിലുള്ള ഉപയോക്താക്കളില്‍ കുറച്ച് സമയം കൂടി എഡിപി സംരക്ഷണം ലഭിക്കുമെങ്കിലും പിന്നീട് സ്വാഭാവികമായി ഇതാല്ലാതാവുകയും ചെയ്യും. എഡിപി പിന്‍വലിക്കപ്പെടുന്നതോടെ ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കയാണ് ശക്തമാകുന്നത്. ആളുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിരീക്ഷണം വര്‍ധിക്കുന്നു എന്ന നിലയിലും ചര്‍ച്ചകള്‍ സജീവമാണ്.