ചാന്ദ്ര ദൗത്യം അപ്പോളോ 13ന്റെ കമാൻഡർ ജിം ലോവൽ അന്തരിച്ചു

ന്യൂയോർക്ക് : നാസയിൽ ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിൽ ഒരാളും പരാജയപ്പെട്ട ചാന്ദ്ര ദൗത്യം അപ്പോളോ 13ന്റെ കമാൻഡറുമായിരുന്ന ജിം ലോവൽ (97) അന്തരിച്ചു. ജെയിംസ് ആർതർ ലോവൽ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിക്കാഗോയിൽ വച്ചാണ് മരണം സംഭവിച്ചത്.
1970 ഏപ്രിൽ 11നു കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നാണ് അപ്പോളോ 13 വിക്ഷേപിച്ചത്. പേടകത്തിന്റെ സർവീസ് മൊഡ്യൂളിലെ ഒരു ഓക്സിജൻ സംഭരണി പൊട്ടിത്തെറിച്ചാണ് ദൗത്യം പരാജയപ്പെട്ടത്. പേടകത്തിന്റെ വൈദ്യുതി സംവിധാനങ്ങളടക്കം പ്രവർത്തനരഹിതമായതോടെ ലാൻഡിങ് നിർത്തിവച്ചു.
ഈ ദൗത്യത്തിന്റെ കമാൻഡർ ലോവലായിരുന്നു. പേടകത്തിലെ ജീവൻരക്ഷാ സംവിധാനങ്ങളുടെ പിന്തുണയോടെ ഏപ്രിൽ 17നു ലോവറും സംഘവും ഭൂമിയിലേക്ക് തിരിച്ചെത്തി. 1994ൽ ജെഫ്രി ക്ലഗറുമായി ചേർന്നു ദൗത്യം സംബന്ധിച്ച ഒരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്.
അപ്പോളോ 8 ദൗത്യത്തിലും അദ്ദേഹം ഭാഗമായിരുന്നു. രണ്ട് തവണ ചന്ദ്രനിലേക്ക് പോയ ആദ്യ ബഹിരാകാശ സഞ്ചാരിയാണ് ലോവൽ. നാസയുടെ ജെമിനി 7, ജെമിനി 12 ദൗത്യങ്ങളിലും അദ്ദേഹം ഭാഗമായിരുന്നു.