വെനസ്വേലയിൽ വീണ്ടും ആക്രമണം ഉണ്ടായതായി റിപ്പോർട്ട്

കാരക്കസ് : വെനസ്വേലയിൽ വീണ്ടും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രി തലസ്ഥാനമായ കാരക്കസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം വെടിയൊച്ചെ കേട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഡ്രോൺ പോലെയുള്ള ആയുധങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചതായും പ്രതിരോധിക്കാൻ വ്യോമവേധ സംവിധാനങ്ങൾ പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ഈ ആക്രമണങ്ങളിൽ തങ്ങൾക്കു പങ്കില്ലെന്ന് യുഎസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് വെനസ്വേലയിൽ മിന്നലാക്രമണം നടത്തി യുഎസ് രാജ്യത്തെ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയത്. കഴിഞ്ഞ ദിവസം ഇവരെ ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. തടവുകേന്ദ്രത്തിൽ നിന്നും ഹെലികോപ്റ്ററിലും കവചിത വാഹനത്തിലുമായാണ് മഡുറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും കോടതിയിൽ ഹാജരാക്കിയത്. 2020 ൽ റജിസ്റ്റർ ചെയ്ത ലഹരിക്കടത്തു കേസിലാണ് മഡുറോ വിചാരണ നേരിടുന്നത്.
അതേസമയം വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും റാഞ്ചി യുഎസിൽ എത്തിച്ച യുഎസ് സൈന്യത്തിന്റെ ഓപ്പറേഷനിടെ പ്രതിരോധം ഉണ്ടാകാത്തതിൽ ദുരൂഹത ഉയരുന്നുണ്ട്. അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ വസതിയിൽ കടന്നുകയറി നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും യുഎസ് പിടികൂടുന്നത് പ്രതിരോധിക്കാൻ സൈന്യം നീക്കം നടത്തിയില്ലെന്നാണ് ആരോപണം.
വെനസ്വേലൻ ഭരണകൂടത്തിലെ ചില ഉന്നതരും ട്രംപ് ഭരണകൂടവും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു യുഎസ് സൈന്യത്തിന്റെ ഓപ്പറേഷൻ എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണ് സംശയനിഴലിലുള്ളത്. അറബ് സഖ്യകക്ഷികളുടെ മധ്യസ്ഥതയിൽ ഡെൽസിയും ദേശീയ അസംബ്ലിയുടെ അധ്യക്ഷനായ സഹോദരൻ ജോർജ് റോഡ്രിഗസും ട്രംപ് ഭരണകൂടവുമായി കഴിഞ്ഞ വർഷം രഹസ്യ ചർച്ചകൾ നടത്തിയതായി മയാമി ഹെറാൾഡ് റിപ്പോർട്ടു ചെയ്തു.



