അന്തർദേശീയം

ദക്ഷിണ ചൈനാക്കടലിൽ നിയമവിരുദ്ധമായി പ്രവേശിച്ച യുഎസ് യുദ്ധക്കപ്പൽ നിരീക്ഷിക്കാൻ സൈന്യത്തെ വിന്യസിച്ചു : ചൈന

ബെയ്ജിങ് : ദക്ഷിണ ചൈനാക്കടലിലെ തർക്ക പ്രദേശത്തുകൂടി കടന്നുപോയ അമേരിക്കൻ യുദ്ധക്കപ്പലിനെ നിരീക്ഷിക്കാൻ സൈന്യത്തെ നിയോഗിച്ച് ചൈന. നിയമവിരുദ്ധമായി പ്രവേശിച്ച യുഎസ് യുദ്ധക്കപ്പൽ നിരീക്ഷിക്കാൻ സൈന്യത്തെ വിന്യസിച്ചതായി ചൈന അറിയിച്ചിട്ടും അമേരിക്ക പ്രതികരിച്ചില്ല. ദക്ഷിണ ചൈനാക്കടലിലെ സ്പ്രാറ്റ്ലി ദ്വീപുകളിലെ പവിഴപ്പുറ്റുകൾ നിറഞ്ഞ സബീന ഷോളിനോട് ചേർന്നുള്ള ഭാഗത്തുകൂടിയാണ് യുഎസ്എസ് ചാൾസ്റ്റൺ എന്ന യുദ്ധക്കപ്പൽ അനുമതി വാങ്ങാതെ നിയമവിരുദ്ധമായി കടന്നുകയറിയെന്നാണ് ചൈന ആരോപിച്ചത്.

“യുഎസ് നടപടി ചൈനയുടെ പരമാധികാര അവകാശങ്ങളും താൽപര്യങ്ങളും ലംഘിക്കുന്നു, സമുദ്ര സുരക്ഷയെ അപകടപ്പെടുത്തുന്നു, കൂടാതെ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഹാനികരമാണ്,” പ്രസ്താവനയിൽ ചൈനീസ് നേവി ആരോപിച്ചു. അമേരിക്ക ഇത്തരം പ്രവൃത്തികൾ ഉടൻ അവസാനിപ്പിക്കണമെന്നും കപ്പൽ ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനും ചൈന നാവികസേനയെ അയച്ചു എന്നും പ്രസ്താവനയിലുണ്ട്.

അതേസമയം ചൈനയുടെ പ്രസ്താവനയോട് ഇക്കുറി അമേരിക്ക പ്രതികരിച്ചിട്ടില്ല. മുൻപ് ഇത്തരം സാഹചര്യങ്ങളിൽ അമേരിക്ക ചൈനയുടെ അവകാശവാദങ്ങൾ നിഷേധിക്കുകയും സ്വതന്ത്ര പാതയിലൂടെയുള്ള സഞ്ചാരമാണെന്ന് വിശദീകരിക്കുകയും ചെയ്യുമായിരുന്നു. തെക്കൻ തയ്‌വാനിനും ഹോങ്കോങ്ങിനും ഇടയിലാണ് പ്രാറ്റാസ് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button