സിനിമാ മേഖലയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല, ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ‘അമ്മ’
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും റിപ്പോർട്ട് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. റിപ്പോർട്ട് പുറത്തുവരുന്നതിൽ അമ്മ ഇതുവരെ എതിർപ്പറിയിച്ചിട്ടില്ലെന്നും റിപ്പോർട്ട് അമ്മക്കെതിരല്ലെന്നും റിപ്പോർട്ട് അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നതല്ലെന്നും സിദ്ദിഖ് വ്യക്കതമാക്കി. വർഷങ്ങളായി സിനിമാ രംഗത്തുപ്രവർത്തിക്കുന്ന ഒരാളാണ് താനെന്നും പവർ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.
അമ്മയുടെ നേതൃത്വത്തിൽ മറ്റൊരു പരിപാടി നടക്കുന്നതിനാലാണ് മറുപടി നൽകാൻ വൈകിയതെന്ന് സിദ്ദീഖ് വിശദമാക്കി. അമ്മ എന്ന സംഘടനയെ പ്രതിസ്ഥാനത്തു നിർത്താനാണ് മാധ്യമങ്ങളുടെ ശ്രമം, അത് സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് അമ്മയുടെ നിർദേശങ്ങൾ എന്തൊക്കെയാണെന്ന് മന്ത്രി സജി ചെറിയാൻ ചോദിച്ചതാണ്. അത് അറിയിക്കുകയും ചെയ്തു. സിനിമ മേഖലയിലെ വനിതകളുടെ ബുദ്ധിമുട്ട് പഠിക്കാനുള്ള റിപ്പോർട്ടാണിത്. അമ്മയ്ക്കെതിരെയുള്ള റിപ്പോർട്ടല്ല. കമ്മിറ്റി റിപ്പോർട്ടിനൊപ്പമാണ് അമ്മയും. സിദ്ദീഖ് പറഞ്ഞു.
മലയാള സിനിമാ മേഖലയെ മുഴുവൻ മോശം രീതിയിൽ ചിത്രീകരിക്കുന്നത് ബുദ്ധിമുട്ടാണ്. സിനിമാ മേഖലയിൽ എല്ലാം ഇങ്ങനെയാണെന്ന് അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. 40 വർഷമായി സിനിമയിലുള്ളയാളാണ് താൻ. ഏതാണ് പവർ ഗ്രൂപ്പ് എന്നറിയില്ല. ഗ്രൂപ്പിൽ ആരൊക്കെയാണെന്ന് ഹേമ കമ്മിറ്റി പറയട്ടെ. പവർ ഗ്രൂപ് ഉണ്ടെന്ന് ആരാണ് കമ്മിറ്റിയെ അറിയിച്ചതെന്നും അറിയില്ല. സിദ്ദീഖ് പറഞ്ഞു.