ഇന്ത്യയുടെ ആരോഗ്യ മേഖലയിലെ ചെലവ് കുറവിനെ പ്രശംസിച്ച് അമേരിക്കൻ യുവതി .

ന്യൂഡൽഹി : ഇന്ത്യ അതിന്റെ ഭൂപ്രകൃതിക്കും സംസ്ക്കാരത്തിനും വൈവിധ്യമാര്‍ന്ന ഭക്ഷണത്തിനും പേരുകേട്ടതാണ്. വിദേശികളായ പലരും ഇന്ത്യയുടെ ഈ വൈവിധ്യങ്ങളെ പ്രശംസിച്ച് രംഗത്തെത്താറുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാര്യം ചൂണ്ടിക്കാണിച്ച് ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കക്കാരിയായ ക്രിസ്റ്റന്‍ ഫിഷര്‍ എന്ന യുവതി. ഇന്ത്യയുടെ ആരോഗ്യ മേഖലയിലെ ചെലവ് കുറവിനെയാണ് യുവതി പ്രശംസിച്ചിരിക്കുന്നത്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയില്‍ വളരെ തുച്ഛമായ നിരക്ക് മാത്രമേ ആശുപത്രി സേവനങ്ങള്‍ക്ക് ഈടാക്കുന്നുള്ളൂവെന്നും യുവതി വീഡിയോയില്‍ പറയുന്നു.
തനിക്കുണ്ടായ ഒരു അനുഭവത്തെ പറ്റി പറയുന്നതിനിടയിലായിരുന്നു യുവതി ഇന്ത്യന്‍ ആരോഗ്യ രംഗത്തെ പുകഴ്ത്തിയത്. കൈ മുറിഞ്ഞതിനെ തുടര്‍ന്നാണ് താന്‍ ഇന്ത്യയിലെ ഒരു ആശുപത്രിയില്‍ പോയതെന്നും എന്നാല്‍ അവിടുത്തെ ചികിത്സാ നിരക്ക് വളരെ കുറവായിരുന്നു എന്നും യുവതി പറയുന്നു.
‘ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ എന്റെ കൈമുറിഞ്ഞ് നിര്‍ത്താതെ രക്തം വന്നുകൊണ്ടിരിക്കുകയായിരുന്നു. മുറിവ് ആഴത്തിലുള്ളതായത് കൊണ്ട് കൈയില്‍ സ്റ്റിച്ചിടണമെന്ന് മനസിലായി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. എന്നാല്‍ വെറും 45 മിനിറ്റുള്ളില്‍ അവടുത്തെ ചികിത്സ പൂര്‍ത്തിയാക്കി ഞാന്‍ അവിടെ നിന്നിറങ്ങി. എനിക്ക് വെറും 50 രൂപ മാത്രമാണ് ചിലവായത്. മാത്രമല്ല സ്റ്റിച്ചും ആവിശ്യമായി വന്നില്ല. അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയുടെ ആരോഗ്യ രംഗം മികച്ച് നില്ക്കുന്നു. പ്രതിമാസം 1000-2000 രൂപ വരെ ചിലവാകുന്ന മിക്ക ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും ഉള്ള യുഎസ്എയെ അപേക്ഷിച്ച് ഇന്ത്യയില്‍ ആരോഗ്യ മേഖലയിൽ വളരെ താങ്ങാനാവുന്ന ചികിത്സാനിരക്കാണ് ഉള്ളത് ‘ യുവതി വീഡിയോയില്‍ പറഞ്ഞു.
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. മറ്റ് പല രാജ്യങ്ങളിലും ഒരു ഡോക്ടറെ കാണുക എന്നത് തന്നെ വളരെ ശ്രമകരമായ കാര്യമാണെന്നും പലയിടങ്ങളിലും കാത്തിരിപ്പ് സമയം ദിവസങ്ങളോ മാസങ്ങളോ വരെ നീണ്ട് നില്കുന്നതാണെന്നും പലരും അഭിപ്രായപ്പെട്ടു.
‘ചിലപ്പോള്‍ അണുബാധ ഒഴിവാക്കാന്‍ അവര്‍ ടൈറ്റനസ് കുത്തിവെയ്പ്പും വെക്കാറുണ്ട്’ ഒരു ഇന്‍സ്റ്റാഗ്രാം ഉപഭോക്താവ് പറഞ്ഞു. ‘ഡോക്ടര്‍ നിങ്ങളുടെ അയല്‍ക്കാരനാണെങ്കില്‍ അവര്‍ പണം വാങ്ങാതെ തന്നെ ചിലപ്പോൾ ചികിത്സയും നല്‍കും’ മറ്റൊരു ഉപഭോക്താവ് പറഞ്ഞു. ‘എനിക്ക് യുഎസിലെ ഒരു ഗ്യാസ്ട്രോഎന്ട്രോളജിസ്റ്റുമായി ഒരു അപ്പോയിന്റ്മെന്റ് വേണം, ലഭ്യമായ ഏറ്റവും ആദ്യത്തെ അപ്പോയിന്റ്മെന്റ് 2026 ഫെബ്രുവരിയിലാണ്.’ മൂന്നാമന് പറഞ്ഞു. അതേ സമയം, തന്റെ നാല് കുട്ടികളുമായി ഇന്ത്യയില്‍ താമസമാക്കിയാലും അതില്‍ ഖേദിക്കാന്‍ ഒന്നുമില്ലെന്നും ഇവിടെയുള്ളവര്‍ വളരെ നല്ല ആളുകളാണെന്നുമാണ് ഫിഷറിൻ്റെ അഭിപ്രായം.