ജീവനക്കാരുടെ പണിമുടക്ക്; എയര്‍ കാനഡയുടെ മുഴുവന്‍ വിമാനസര്‍വീസുകളും റദ്ദാക്കി

ഒട്ടാവ : ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് എയര്‍ കാനഡയുടെ മുഴുവന്‍ വിമാനസര്‍വീസുകളും റദ്ദാക്കി. പതിനായിരത്തിലേറെ കാബിന്‍ക്രൂ അംഗങ്ങള്‍ പ്രഖ്യാപിച്ച 72 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചതോടെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.
എയര്‍ കാനഡ വിമാനങ്ങള്‍ റദ്ദാക്കിയത് ഒരുദിവസം മാത്രം ഏകദേശം 1.30 ലക്ഷം യാത്രക്കാരെയാണ് ബാധിച്ചത്. എയര്‍കാനഡയുടെ ബജറ്റ് സര്‍വീസ് വിഭാഗമായ എയര്‍ കാനഡ റൂഷിന്റെ സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. തങ്ങളുടെ വിമാനങ്ങളില്‍ ടിക്കറ്റെടുത്തവര്‍ മറ്റുവിമാനങ്ങളെ ആശ്രയിക്കുന്നില്ലെങ്കില്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് എയര്‍കാനഡ യാത്രക്കാരോട് അഭ്യര്‍ഥിച്ചു.
പതിനായിരത്തിലേറെ കാബിന്‍ക്രൂ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിയന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെമുതലാണ് 72 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചത്. ഉയര്‍ന്നവേതനം ആവശ്യപ്പെട്ടാണ് കാബിന്‍ക്രൂ അംഗങ്ങളുടെ സമരം. പണിമുടക്കിന്റെ ഭാഗമായി ജീവനക്കാര്‍ കാനഡയിലെ പ്രധാന വിമാനത്താവളങ്ങളില്‍ പിക്കറ്റിങ്ങും സംഘടിപ്പിക്കും.
ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം തന്നെ എയര്‍ കാനഡ വിമാനസര്‍വീസുകള്‍ കുറച്ചിരുന്നു. 623 വിമാനങ്ങള്‍ റദ്ദാക്കിയതായി വെള്ളിയാഴ്ച രാത്രി തന്നെ കമ്പനി അറിയിച്ചു. അതേസമയം, എയര്‍കാനഡ ജാസ്, PAL എയര്‍ലൈന്‍സ്, എയര്‍കാനഡ എക്‌സ്പ്രസ് വിമാനങ്ങളെ സമരം ബാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.
കാനഡയില്‍നിന്ന് ലോകത്തെ 180 നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയാണ് എയര്‍ കാനഡ. കാബിന്‍ക്രൂ യൂണിയനുമായി കമ്പനി നേരത്തേ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വേതനകാര്യത്തില്‍ തീരുമാനമായിരുന്നില്ല. തുടര്‍ന്ന് യൂണിയന്‍ പ്രതിനിധീകരിക്കുന്ന 99.7 ശതമാനം ജീവനക്കാരും പണിമുടക്കിലേക്ക് നീങ്ങാന്‍ വോട്ട്‌ചെയ്യുകയായിരുന്നു. വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ കാനഡയിലെ തൊഴില്‍വകുപ്പ് മന്ത്രിയും നിര്‍ദേശിച്ചിരുന്നു. കമ്പനിയും ജീവനക്കാരുടെ യൂണിയനും ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും സമരം ഒഴിവാക്കണമെന്നുമായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്.