മെലോണിക്ക് മുന്നിൽ മുട്ടുമടക്കി, ഇമ്മാനുവൽ മാക്രോണിന് ആലിംഗനം; ലോകനേതാക്കളെ ഹൃദ്യമായി സ്വാഗതം ചെയ്ത് അൽബേനിയൻ പ്രധാനമന്ത്രി

ടിറാന : ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് മുന്നിൽ മുട്ടുമടക്കി അൽബേനിയൻ പ്രധാനമന്ത്രി എദി റാമ. അൽബേനിയയിലെ ടിറാനയിലെ സ്കാൻഡർബെഗ് സ്ക്വയറിൽ നടന്ന യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി (EPC) യോഗത്തിൽ പങ്കെടുക്കാനെത്തിയ ജോർജിയ മെലോണിയെ സ്വാഗതം ചെയ്യുന്നതിനിടെയാണ് എദി റാമയുടെ അപ്രതീക്ഷിത പ്രവൃത്തി. ലോകനേതാക്കളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്ന റാമയുടെ ദൃശ്യങ്ങൾ അന്തർദേശീയ മാധ്യമങ്ങളുൾപ്പെടെ പങ്കുവെച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്താണ് അദ്ദേഹം സ്വീകരിച്ചത്.
ലോകനേതാക്കളെ സ്വീകരിക്കുന്നതിനായി നിലയുറപ്പിച്ച റാമ, ജോർജിയ മെലോണി എത്തിയപ്പോൾ ചുവന്ന പരവതാനിയിൽ മുട്ടുകുത്തി. സ്നേഹ സ്വീകരണം ആലിംഗനത്തോടെ മെലോണി സ്വീകരിച്ചു. ‘സണ്‍ കിങ്’ എന്ന അഭിവാദ്യത്തോടെയാണ് റാമ, ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിച്ചത്. യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയെ സ്വീകരിച്ച അദ്ദേഹം നേതാക്കൾ ചർച്ചകൾ നടത്തിയിരുന്ന ഓപ്പറ കെട്ടിടംവരെയും അനുഗമിക്കുകയും ചെയ്തു.
ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ 40 നേതാക്കളെയും പുഞ്ചിരിയോടെ അൽബേനിയൻ പ്രധാനമന്ത്രി നേരിട്ടാണ് സ്വീകരിച്ചത്. ‘ഇന്ന് യൂറോപ്പ് മുഴുവൻ എത്തിയിരിക്കുന്ന, ലോകം മുഴുവൻ ഉറ്റുനോക്കുന്ന, ടിറാനയിൽ നിന്ന് ഞാൻ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു’. സമ്മേളനത്തിന് മുമ്പ് എദി റാമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.