റൊളാങ് ഗ്യാരോസിൽ റാഫയുടെ കണ്ണീർ
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ തന്നെ നദാലിനെ വീഴ്ത്തി സ്വരേവ്
പാരിസ്: കളിമണ്‍ കോര്‍ട്ടിലെ നിത്യഹരിത നായകന്‍ ഇതിഹാസ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. പരിക്ക് മാറി 15ാം വട്ടവും ഫ്രഞ്ച് ഓപ്പണ്‍ ഉയര്‍ത്തി ടെന്നീസ് കരിയറിനു അവിസ്മരണീയ വിരാമമിടാമെന്ന താരത്തിന്റെ മോഹം പൂവണിഞ്ഞില്ല. റൊളാങ് ഗ്യാരോസിൽ കരിയറില്‍ നദാല്‍ നേരിടുന്ന നാലാമത്തെ മാത്രം തോല്‍വി കൂടിയാണിത്.
ഒന്നാം റൗണ്ടില്‍ തന്നെ നദാലിനു കടുത്ത എതിരാളിയാണ് വന്നത്. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവാണ് നദാലിനെ വീഴ്ത്തിയത്. തന്റെ ഇഷ്ട വേദിയില്‍ ഒട്ടേറെ മാന്ത്രിക നിമിഷങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ച നദാല്‍ രണ്ടാം സെറ്റില്‍ മാത്രമാണ് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയത്. ഒന്നും മൂന്നും സെറ്റുകള്‍ സ്വരേവ് അനായാസം പിടിച്ചു. സ്‌കോര്‍: 6-3, 7-6 (7-5), 6-3. നദാല്‍ മൂന്ന് സെറ്റും അടിയറവ് വച്ച് ഒന്നാം റൗണ്ടില്‍ തന്നെ ചരിത്രത്തിലാദ്യമായി മടങ്ങി.ദീര്‍ഘ നാളായി പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു നദാൽ . ഫ്രഞ്ച് ഓപ്പണില്‍ സീഡില്ലാ താരമായാണ് ഇതോടെ മത്സരിക്കേണ്ടി വന്നത്. അതോടെ കടുത്ത എതിരാളിയെ തന്നെ ആദ്യ റൗണ്ടില്‍ നേരിടേണ്ടിയും വന്നു.
ഈ വര്‍ഷം ടെന്നീസില്‍ നിന്നു വിരമിക്കാനുള്ള തീരുമാനത്തിലാണ് നദാല്‍. നദാലിന്റെ മാന്ത്രിക മണ്ണായിരുന്നു ഒരു കാലത്ത് ഫ്രഞ്ച് ഓപ്പണ്‍. ടെന്നീസിന്റെ ചരിത്രത്തില്‍ തന്നെ ഒരു ഗ്രാന്‍ഡ് സ്ലാം വേദിയില്‍ ഇത്രയും കിരീടങ്ങളെന്ന അപൂര്‍വ നേട്ടമാണ് റോളണ്ട് ഗാരോസില്‍ റാഫയ്ക്കുള്ളത്. 2005, 06, 07, 08, 10, 11, 12, 13, 14, 17, 18, 19, 20, 22 വര്‍ഷങ്ങളില്‍ നദാലാണ് ഇവിടെ കിരീടം ഉയര്‍ത്തിയത്.