കേരളം

എയർ കേരള ജൂണിൽ പറന്നുയരും; ആദ്യ സർവീസ് കൊച്ചിയിൽ നിന്ന്

നെടുമ്പാശ്ശേരി : എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ ആരംഭിക്കും. കൊച്ചിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക. 76 സീറ്റുകളുള്ള വിമാനമായിരിക്കും സര്‍വീസ് നടത്തുക.

വിമാനങ്ങള്‍ പാട്ടത്തിനെടുത്താണ് സര്‍വീസ് തുടങ്ങുന്നത്. വിമാനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരളയില്‍ കേരള സർക്കാരിനും സിയാലിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 26 ശതമാനം ഓഹരിയുണ്ട്.

കൂടുതല്‍ ആളുകളെ വിമാനയാത്ര ചെയ്യാന്‍ പ്രേരിപ്പിക്കും വിധത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും എയര്‍ കേരള സര്‍വീസ് നടത്തുക. രണ്ട് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര സര്‍വീസും കൂടി തുടങ്ങാനാണ് എയര്‍ കേരള ലക്ഷ്യമിടുന്നത്. എയർകേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിന്‍റെ ടൂറിസം, ട്രാവൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

സേവനത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. അന്താരാഷ്ട്ര റൂട്ടിൽ അനുമതി കിട്ടിയാൽ തായ്‌ലൻഡ്, വിയറ്റ്‌നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ റൂട്ടുകൾക്ക് മുൻഗണന നൽകാനാണ് കമ്പനി അധികൃതരുടെ തീരുമാനം. ആഭ്യന്തരമായി ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ടയർ-രണ്ട് നഗരങ്ങളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button