15 മിനുട്ട് കൊണ്ട് ദുബൈയിൽ നിന്ന് റാസൽഖൈമയിലേക്ക് പറക്കാം; എയർ ടാക്‌സികൾ 2027-ഓടെ പ്രവർത്തനം ആരംഭിക്കും

ദുബൈ : പറക്കും ടാക്‌സികൾ പ്രവർത്തനം ആരംഭിക്കുന്നതോടെ ദുബൈയിൽ നിന്ന് റാസൽഖൈമയിലേക്ക് വെറും പതിനഞ്ച് മിനുട്ട് കൊണ്ട് എത്തിച്ചേരാം. അടുത്ത വർഷത്തോടെ എയർ ടാക്‌സികൾ പ്രവർത്തനം ആരംഭിക്കുമെന്നാണ് ഇലക്ട്രിക് എയർ ടാക്‌സി ഓപ്പറേറ്ററായ ജോബി ഏവിയേഷൻ പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ടത്തിൽ ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വമ്പൻ റിസോർട്ടുകൾ സ്ഥിതി ചെയ്യുന്ന അൽ മർജൻ ദ്വീപിലേക്കായിരിക്കും എയർ ടാക്‌സികൾ സർവീസ് നടത്തുക. മിഡിൽ ഈസ്റ്റിലെ ആദ്യ ഇന്റഗ്രേറ്റഡ് ഗെയിമിംഗ് റിസോർട്ട് ഉദ്ഘാടനം ചെയ്യുന്ന സമയത്തോട് അടുത്താകും എയർ ടാക്‌സി സർവീസ് ആരംഭിക്കുക.
ജോബിയുടെ എയർ ടാക്‌സി മണിക്കൂറിൽ 321 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കും. നാല് യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള എയർ ടാക്‌സി കാർബൺ ബഹിർഗമനം ഇല്ലാത്ത രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റാസൽഖൈമ ട്രാൻസ്‌പോർട്ടും ജോബി ഏവിയേഷനും സ്‌കൈപോർട്ട്‌സ് ഇൻഫ്രാസ്ട്രക്ച്ചറും 2027-ൽ റാസൽഖൈമയിൽ പാസഞ്ചർ എയർ ടാക്‌സി സർവീസ് ആരംഭിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു.
ഗതാഗത രീതികൾ സംയോജിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റാസൽഖൈമയുടെ മൊബിലിറ്റി പ്ലാൻ 2030-ന്റെ വിപുലീകരണം ലക്ഷ്യമിട്ടാണ് ഈ പങ്കാളിത്തമെന്ന് RAKTA ഡയറക്ടർ ജനറൽ എസ്മായീൽ ഹസൻ അൽബ്ലൂഷി പറഞ്ഞു.
“എയർ ടാക്സി സേവനങ്ങളുടെ സമാരംഭം ഏറെ പ്രയോജനകരമായ ഒരു കൂട്ടിച്ചേർക്കലാകും, ഇത് താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന വേഗതയേറിയതും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ മൊബിലിറ്റി ഓപ്ഷനുകൾ പ്രദാനം ചെയ്യും. ജീവിത നിലവാരം ഉയർത്തുന്നതിനും ആധുനികവും ആകർഷകവുമായ ആഗോള ലക്ഷ്യസ്ഥാനവുമായ റാസൽഖൈമയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും,” അൽബ്ലൂഷി പറഞ്ഞു.