കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള സർവ്വീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

കണ്ണൂർ : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള സർവ്വീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനമെടുത്തു. ജില്ലയ്ക്കകത്തും പുറത്തുമുള്ള നിരവധി പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നതാണ് തീരുമാനം. നവംബർ ഒന്ന് മുതൽ പ്രതിവാരം 42 സർവീസുകളാണ് വെട്ടിക്കുറക്കുന്നത്.
ആറു വർഷമായുള്ള നിരവധി സർവീസുകൾ ഇതോടെ മുടങ്ങും. സമ്മർ ഷെഡ്യൂളിനെ അപേക്ഷിച്ചാണ് ഈ കുറവ്. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കുവൈത്ത്, ജിദ്ദ, ബഹറൈൻ, ദമാം എന്നിവിടങ്ങളിലേക്ക് ഇനി മുതൽ നേരിട്ട് വിമാനങ്ങളുണ്ടാകില്ല. സമ്മർ ഷെഡ്യൂളിൽ രാജ്യാന്തര റൂട്ടിൽ ആഴ്ചയിൽ 96 സർവീസുകളാണ് ഉണ്ടായിരുന്നത്. അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, ബഹ്റൈൻ, കുവൈത്ത്, ദമാം, റാസൽഖൈമ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായിരുന്നു ഇവ. എന്നാൽ ഷെഡ്യൂൾ മാറുന്നതോടെ ഇത് 54 സർവീസുകളാകും.
കണ്ണൂരിൽ നിന്ന് രാജ്യാന്തര റൂട്ടുകളിൽ മാത്രമായി ഒരു ലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തിട്ടുള്ളത്. കണ്ണൂരിന് പുറമെ കർണാടകയിൽ നിന്നുൾപ്പെടെ ഇവിടെ നിന്ന് യാത്ര ചെയ്തിരുന്നു. കോഴിക്കോട് നിന്നും നല്ലൊരു വിഭാഗമാളുകൾ കണ്ണൂർ വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു. സൗകര്യപ്രദമായ സർവീസ് സമയങ്ങളും വിവിധയിടങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളുമായിരുന്നു ഇതിന് കാരണം. പുതിയ തീരുമാനം വരുന്നതോടെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും കുവൈത്തിലേക്ക് നേരിട്ട് സർവീസുകൾ ഉണ്ടാകില്ല. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ യാത്രക്കാരെത്തിയതോടെ ഉയർച്ചയിലായിരുന്നു. അതിനിടെയാണ് പുതിയ തീരുമാനം. വിമാനത്താവള അധികൃതർക്കും യാത്രക്കാർക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണ് പുതിയ തീരുമാനം. ദുബായ്, റാസൽഖൈമ റൂട്ടിൽ ഓരോ ഫ്ലൈറ്റുകൾ വീതവും കുറച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും കിലോമീറ്ററുകൾ ദൂരെയുള്ള മംഗലാപുരം,കോഴിക്കോട് വിമാനത്താവളങ്ങൾ വേണം ഇനി യാത്രക്കാർ ആശ്രയിക്കാൻ.