ബ്രിട്ടന്റെ കൈവശമുള്ള ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിനു വിട്ടുനൽകുന്ന ഉടമ്പടി ഇന്ന് ഒപ്പുവയ്ക്കും

ലണ്ടൻ : ഇന്ത്യൻ സമുദ്രത്തിൽ ബ്രിട്ടന്റെ കൈവശമുള്ള ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിനു വിട്ടുനൽകുന്ന ഉടമ്പടി ഇന്ന് ഒപ്പുവയ്ക്കും. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറും മൊറീഷ്യസ് പ്രധാനമന്ത്രി നവീൻ റാംഗുലാമുമാണ് കരാർ ഒപ്പിടുന്നത്.
ഇന്ത്യൻ സമുദ്രത്തിൽ ഏകദേശം 60 ദ്വീപുകൾ ചേർന്നതാണ് ഷാഗോസ്. ഇതിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാർസ്യ 99 വർഷത്തേക്ക് ബ്രിട്ടന്റെ ഉടമസ്ഥതയിൽ തുടരും. ഇവിടെ ബ്രിട്ടന്റെയും യുഎസിന്റെയും സംയുക്ത വ്യോമ– നാവികതാവളമുണ്ട്.
1814 മുതൽ ബ്രിട്ടനാണ് ഷാഗോസ് ദ്വീപുകളും മൊറീഷ്യസും ഭരിച്ചിരുന്നത്. 1965ൽ മൊറീഷ്യസിനെയും ഷാഗോസ് ദ്വീപുകളെയും രണ്ടായി വിഭജിച്ചു. 1968ൽ മൊറീഷ്യസിനു സ്വാതന്ത്ര്യം നൽകി. ഷാഗോസ് ദ്വീപുകൾ ‘ബ്രിട്ടിഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി’ എന്ന പേരിൽ കൈവശം വച്ചു. രാജ്യാന്തര നീതിന്യായ കോടതിയാണ് 2019ൽ ഷാഗോസ് ദ്വീപ് മൊറീഷ്യസിനു തിരിച്ചുകൊടുക്കണമെന്നു നിർദേശിച്ചത്.
എഴുപതുകളുടെ തുടക്കത്തിൽ ഷാഗോസിയൻസ് എന്നറിയപ്പെടുന്ന ഇവിടത്തെ രണ്ടായിരത്തോളം നാട്ടുകാരെ ഡീഗോ ഗാർസ്യ സൈനികത്താവളം നിർമിക്കുന്നതിനായി മൊറീഷ്യസിലേക്കും സെയ്ഷൽസിലേക്കും മാറ്റി. കുടിയൊഴിക്കപ്പെട്ടവർ യുകെ കോടതിയിൽ നിയമപോരാട്ടം നടത്തിവരികയായിരുന്നു.