ബംഗ്ലാദേശിൽ ഉസ്മാൻ ഹാദിക്കു പിന്നാലെ മറ്റൊരു നേതാവിനും വെടിയേറ്റു

ചിറ്റഗോങ് : ബംഗ്ലാദേശിൽ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ (എൻസിപി) തൊഴിലാളി നേതാവിന് തലയ്ക്ക് വെടിയേറ്റു. എൻസിപി തൊഴിലാളി സംഘടനയായ ജാതീയ ശ്രമിക് ശക്തിയുടെ കേന്ദ്ര നേതാവായ എംഡി മുത്തലിബ് ഷിക്ദാറിന് (42) ആണ് വെടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ ഇദ്ദേഹത്തെ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഖുൽന നഗരത്തിലെ സൊനാഡംഗ ഏരിയയിലെ ഒരു വീട്ടിൽ രാവിലെ 11.45-നാണ് വെടിയേറ്റത്. ഖുൽനയിൽ നടത്താൻ നിശ്ചയിച്ച ഒരു ഡിവിഷണൽ തൊഴിലാളി റാലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മുത്തലിബ്. സൊനാഗംഗഡിലെ ഗാസി മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിന്നിലുള്ള വീട്ടിൽവെച്ച് അജ്ഞാത ആക്രമണകാരികളാണ് ഷിക്ദാറിനെ വെടിവെച്ചതെന്ന് സൊനാഡംഗ പോലീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ധാക്കയിൽവെച്ച് അജ്ഞാത ആക്രമണകാരികളുടെ വെടിയേറ്റാണ് ഉസ്മാൻ ഹാദി മരിച്ചത്. സംഭവത്തിന് നാലു ദിവസം കഴിഞ്ഞാണ് ഷിക്ദാറിനും വെടിയേൽക്കുന്നത്. ഹാദി ഇന്ത്യ വിരുദ്ധ പ്രവർത്തകനായിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു. ഹാദിയുടെ കൊലപാതകത്തോടെ ബംഗ്ലാദേശ് വലിയ സംഘർഷങ്ങളിലേക്ക് വഴുതിവീണിരിക്കുകയാണ്.



