ലാഹോറിനു പിന്നാലെ കറാച്ചിയിലും സ്ഫോടനം; നാല് പാക് സൈനികർക്ക് പരിക്ക്

ഇസ്ലാമബാദ് : പാകിസ്താനിലെ ലാഹോറിനു പിന്നാലെ പ്രധാന വാണിജ്യ നഗരമായ കറാച്ചിയിലും സ്ഫോടനം നടന്നതായി റിപ്പോർട്ട്. കറാച്ചിയിലെ ശറാഫി ഗോതിൽ സ്ഫോടനം നടന്നെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനങ്ങൾ ഡ്രോൺ ആക്രമണം ആയിരുന്നുവെന്ന് പാകിസ്താൻ സൈന്യം അറിയിച്ചു. 12 ഇടത്ത് ഡ്രോണ്‍ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം പറയുന്നത്. ലാഹോർ ഡ്രോണ്‍ ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും പാകിസ്താൻ സ്ഥിരീകരിച്ചു.
കിഴക്കൻ നഗരമായ ലാഹോറിൽ മൂന്നിടത്താണ് സ്ഫോടനം നടന്നത്. വോൾട്ടൻ എയർഫീൽഡിന് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വാൾട്ടൻ എയർഫീൽഡിന് സമീപത്തെ ഗോപാൽ നഗർ, നസീറാബാദ് ഏരിയയിലാണ് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യ സ്ഫോടനത്തിന് പിന്നാലെ സൈറൺ ശബ്ദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തുടർ സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ വലിയ തോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം ബുധനാഴ്ച നൽകിയ കനത്ത തിരിച്ചടിയിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു. ‘ഓപറേഷൻ സിന്ദൂർ’ എന്ന് പേരിട്ട 25 മിനിറ്റ് നീണ്ട സംയുക്ത സൈനിക നടപടിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. പഹൽഗാമിൽ ഭീകരാക്രമണം നടന്ന് 14 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചടി.