അന്തർദേശീയം

വിവാഹം, വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി പ്രായം; യുഎഇയില്‍ ഫെഡറല്‍ വ്യക്തിനിയമം പ്രാബല്യത്തില്‍

അബുദാബി : 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കുന്ന പരിഷ്‌കരിച്ച ഫെഡറല്‍ വ്യക്തിനിയമം യുഎഇയില്‍ പ്രാബല്യത്തില്‍. വിവാഹം, വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി പ്രായം തുടങ്ങിയ വിഷയങ്ങളില്‍ ജനുവരിയില്‍ കൊണ്ടുവന്ന ഭേദഗതിയാണ് പ്രാബല്യത്തില്‍ വന്നത്.

പുതിയ നിയമപ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചലും കോടതി മുഖേന സാധിക്കും. വിദേശ മുസ്ലിം സ്ത്രീകളുടെ വിവാഹത്തിന് രക്ഷാകര്‍ത്താവ് വേണമെന്ന് അവരുടെ ദേശീയ നിയമം ആവശ്യപ്പെടുന്നില്ലെങ്കില്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹിതരാകാം. എന്നാല്‍ പുരുഷനും സ്ത്രീയും തമ്മില്‍ 30 വയസ്സിന്റെയെങ്കിലും അന്തരമുണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം ചെയ്യാന്‍ സാധിക്കൂ.

സ്ത്രീയെ വിവാഹം കഴിക്കാനുള്ള പുരുഷന്റെ അഭ്യര്‍ഥന മാത്രമാണ് വിവാഹ നിശ്ചയമെന്നും അതിനെ വിവാഹമായി കണക്കാക്കാനാവില്ലെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. വിവാഹത്തിന് അന്തിമ രൂപം നല്‍കിയ ശേഷം പിന്‍മാറുകയാണെങ്കില്‍ പരസ്പരം നല്‍കിയ സമ്മാനങ്ങള്‍ വീണ്ടെടുക്കാനും അനുമതി നല്‍കുന്നു. 25,000 ദിര്‍ഹത്തില്‍ കൂടുതല്‍ വിലയേറിയ സമ്മാനങ്ങള്‍ അവയുടെ മൂല്യത്തെ അടിസ്ഥാനമാക്കി വീണ്ടെടുക്കാം.

വിവാഹ മോചന കേസുകളില്‍ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സാക്കി ഉയര്‍ത്തി. നേരത്തെ ആണ്‍കുട്ടികള്‍ക്ക് 11, പെണ്‍കുട്ടികള്‍ക്ക് 15 വയസ്സായിരുന്നു. എന്നാല്‍ 15 വയസ്സ് തികഞ്ഞാല്‍ ഏത് രക്ഷിതാവിനൊപ്പം ജീവിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്കായിരിക്കും.

മാതാപിതാക്കളെ അവഗണിക്കല്‍, മോശമായി പെരുമാറല്‍, ദുരുപയോഗം ചെയ്യല്‍, ഉപേക്ഷിക്കല്‍, ആവശ്യമുള്ളപ്പോള്‍ സാമ്പത്തിക സഹായം നല്‍കാതിരിക്കല്‍ എന്നിവയ്ക്ക് കടുത്ത ശിക്ഷയാണ് വ്യക്തി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്തവരുമായി അനുവാദമില്ലാതെ യാത്ര ചെയ്യുക, അവരുടെ സ്വത്ത് തട്ടിയെടുക്കുക, അനന്തരാവകാശം പാഴാക്കുക എന്നീ നിയമലംഘനങ്ങള്‍ക്കും കടുത്ത ശിക്ഷയുണ്ടാകും. തടവും 5000 ദിര്‍ഹം മുതല്‍ 1 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button