‘പിന്തുണച്ച എല്ലാവർക്കും നന്ദി; അന്വേഷണത്തോട് സഹകരിക്കും’ : അല്ലു അർജുൻ
ഹൈദരാബാദ് : തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ ജയിൽ മോചിതനായി. താൻ നിയമത്തെ ബഹുമാനിക്കുന്നു പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കുമെന്നും നിയമം അനുസരിച്ച് തന്നെ മുന്നോട്ട് പോകുമെന്നും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും അല്ലു അർജുൻ മോചിതനായതിന് ശേഷം ആദ്യമായി പ്രതികരിച്ചു. കഴിഞ്ഞ 15 വർഷമായി തന്റെ സിനിമകൾ കാണാൻ തിയറ്ററിൽ പോകാറുണ്ട്, പുഷ്പ 2 സ്പെഷ്യൽ ഷോയ്ക്കിടെ സ്ത്രീ മരിച്ച സംഭവം തീർത്തും ദൗർഭാഗ്യകരണമാണ്. അവരുടെ കുടുംബത്തോട് ക്ഷമ ചോദിക്കുകയാണ് , കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്നും എപ്പോഴും കൂടെയുണ്ടാകുമെന്നും അല്ലു അർജുൻ പറഞ്ഞു.
നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അനുവാദം വാങ്ങി സിനിമയുടെ സ്പെഷ്യൽ ഷോയ്ക്ക് പോയതിനാൽ സംഭവത്തിൽ പ്രഥമദൃഷ്ട്യാ ഉത്തരവാദിയാകാൻ അല്ലു അർജുന് കഴിയില്ലെന്ന് സിംഗിൾ ജഡ്ജി ജസ്റ്റിസ് ജുവ്വാദി ശ്രീദേവി നിരീക്ഷിച്ചു. സ്‌ക്രീനിങ്ങിന് പോയാൽ ഇത്തരമൊരു അനിഷ്ട സംഭവമുണ്ടാകുമെന്ന് അർജുനന് അറിയാമായിരുന്നെന്ന സംസ്ഥാനത്തിൻ്റെ വാദവും കോടതി തള്ളി.
ഇന്നലെ രാത്രി മുഴുവൻ അദ്ദേഹം ജയിലിലാണ് കഴിഞ്ഞത്. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്‍റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തത് കാരണമാണ് നടനെ, ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. ഒടുവിൽ ജാമ്യ ഉത്തരവിന്റെ പകർപ്പ് ഇന്ന് രാവിലെ ലഭിച്ചതോടെയാണ് അദ്ദേഹം ജയിലിൽ നിന്നും പുറത്തേക്കിറങ്ങുന്നത്.
അതേസമയം, അറസ്റ്റിനെതിരെ തെലങ്കാനയിലാകെ വലിയ തോതിലുള്ള പ്രതിഷേധമാണ് നടന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ ബിആര്‍എസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമ മേഖലയിലുള്ളവരും അറസ്റ്റിനെതിരെ പ്രതിഷേധിച്ചു. അറസ്റ്റിലായ തീയറ്റർ ഉടമകളും ജയിൽ മോചിതരായി.