അന്തർദേശീയം

കമല ഹാരിസിന്റെ പ്രചാരണത്തിന് ആവേശം പകരാൻ വീഡിയോ പ്രകടനവും ആയി എ.ആർ റഹ്മാൻ

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനായി പാട്ടിലൂടെ വോട്ട് പിടിക്കാൻ ഇതിഹാസ സംഗീതജ്ഞൻ എ.ആർ റഹ്മാൻ. കമലയ്ക്ക് പന്തുണയറിച്ച് 30 മിനിറ്റ് ദൈർഘ്യമുള്ള പ്രകടനത്തിന്റെ വീഡിയോ റഹ്മാൻ റെക്കോർഡ് ചെയ്‌തു. നവംബർ 5ന് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കമലയുടെ പ്രസിഡൻഷ്യൽ പ്രചാരണത്തിന് ഇത് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലയ്ക്ക് പിന്തുണയറിയിച്ച് രം​ഗത്തുവന്ന പ്രശസ്ത അന്താരാഷ്ട്ര കലാകാരിൽ ആദ്യത്തെയാളാണ് റഹ്മാൻ. ദി ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻ്റേർസ് വിക്ടറി ഫണ്ട് ( എഎപിഐ) സംഘടിപ്പിക്കുന്ന പരിപാടിയിൽ റഹ്മാൻ കമലയ്ക്കു വേണ്ടി റെക്കോർഡ് ചെയ്ത വീഡിയോ പ്രദർശിപ്പിക്കും. റഹ്മാൻ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളെ ഉൾപ്പെടുത്തി 30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് കമലയ്ക്കു വേണ്ടി തയാറാക്കിയിരിക്കുന്നത്.

അമേരിക്കയുടെ പുരോഗതിക്കും പ്രാതിനിധ്യത്തിനും വേണ്ടി നിലകൊള്ളുന്നവർക്കുള്ള ഐക്യ​ദാർഢ്യമാണ് ഈ പ്രകടനത്തിലൂടെ റഹ്മാൻ ലക്ഷ്യം വെക്കുന്നതെന്ന് എഎപിഐ വിക്ടറി ഫണ്ട് ചെയർമാൻ ശേഖർ നരസിംഹൻ പറഞ്ഞു. കേവലം ഒരു സംഗീത പരിപാടി എന്നതിലുപരി, രാജ്യത്തിന്റെ പുരോ​ഗതിക്കായി വോട്ടുചെയ്യാനുള്ള ആഹ്വാനമാണിതെന്നും അദ്ദേഹം പറഞ്ഞു. എഎപിഐയുടെ സ്പോൺസർഷിപ്പിൽ നടക്കുന്ന പരിപാടിയിലാണ് റഹ്മാന്റെ പ്രകടനം റെക്കോർഡ് ചെയ്തുള്ള വീഡിയോ പ്രദർശിപ്പിക്കുക. എന്നാൽ പരിപാടിയുടെ തിയ്യതിയോ സമയമോയ സംഘാടകർ അറിയിച്ചിട്ടില്ല.

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. ആദ്യം പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായിരുന്നു മത്സര രം​ഗത്തുണ്ടായിരുന്നത്. എന്നാൽ ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സരരം​ഗത്തു നിന്ന് ബൈഡൻ പിന്മാറിയതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന കമല പ്രസിഡന്റ് സ്ഥാനാർഥിയാവുകയായിരുന്നു. പിന്നീട് പോരാട്ടം കമല ഹാരിസും ട്രംപും തമ്മിലായി. ഒട്ടുമിക്ക അഭിപ്രായ സർവേകളിലും കമല ഹാരിസിനാണ് മുൻതൂക്കം. എങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയും പ്രതീക്ഷ കൈവിടാൻ തയാറല്ല.

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതടക്കം ആഗോള വിഷയങ്ങൾ തുടങ്ങി കമല ഹാരിസിൻ്റെ ഭർത്താവിൻ്റെ മുൻ കാമുകിക്കെതിരായ അതിക്രമം വരെ തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാണ്. മാറിമാറിയാൻ സാധ്യതയുള്ള അഭിപ്രായ സർവേകളുടെ പ്രവചനം മാറ്റിനിർത്തിയാൽ വിജയം ആർക്കൊപ്പമെന്ന് ഉറപ്പിച്ച് പറയുക പ്രയാസമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button