യുപിയിൽ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 90 ആയി

ലഖ്നോ : ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 90 ആയി. ഒരു ആത്മീയ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കിടെയാണ് അപകടമുണ്ടായത്.
മരണം നൂറ് കടന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരിപാടിക്ക് എത്തിയ ആളുകൾ ചൂട് മൂലം പിരിഞ്ഞുപോകുന്നതിനിടെ തിരക്ക് രൂപപ്പെടുകയായിരുന്നു. ഇതിനിടയിൽപ്പെട്ടാണ് ആളുകൾ മരിച്ചതെന്നാണ് നിഗമനം.
കനത്ത ചൂടിൽ കുഴഞ്ഞുവീണാണ് പലരും മരിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ യുപി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെന്റ് സമ്മേളനത്തിനു ശേഷം പ്രധാനമന്ത്രി യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.