വാലറ്റ വാഹനാപകടത്തിൽ വൃദ്ധയുടെ മരണം : കാറോടിച്ച സൈനികന് ഉപാധികളോടെ ജാമ്യം

മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്ത 23 വയസ്സുള്ള സൈനികന് ജാമ്യം. കഴിഞ്ഞ ദിവസം വാലറ്റയിൽ വെച്ച് ബെഞ്ചമിൻ ചെറ്റ്കുട്ടി ഓടിച്ചിരുന്ന സുബാരു ഇംപ്രേസ പാർക്ക് ചെയ്തിരുന്ന ഫോർഡ് ഫിയസ്റ്റയിൽ ഇടിച്ചുകയറുകയായിരുന്നു . 62 വയസ്സുള്ള മിൽഡ്രഡ് അസോപാർഡി രണ്ട് വാഹനങ്ങൾക്കിടയിൽ കുടുങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മിൽഡ്രഡിന്റെ ഭർത്താവ് ആൽഫ്രഡ് അസോപാർഡി പാർക്ക് ചെയ്തിരുന്ന കാറിൽ ഇരിക്കുകയായിരുന്നുവെന്നും അപകടത്തെത്തുടർന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും വൺ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആൽഫ്രഡ് മാൾട്ടയുടെ ദേശീയ ഫുട്ബോൾ ടീമിന്റെ മുൻ കളിക്കാരനാണ്. പാവോള നിവാസിയായ ചെറ്റ്കുട്ടി കുറ്റം നിഷേധിച്ചു. തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയും കേസിന്റെ ഗൗരവവും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ എതിർത്തു.പാവോള പോലീസ് സ്റ്റേഷനിൽ ദിവസവും ഒപ്പിടണം, 2,000 യൂറോ നിക്ഷേപിക്കണം, 20,000 യൂറോയുടെ വ്യക്തിഗത ഗ്യാരണ്ടി നൽകണം എന്നിവയുൾപ്പെടെ നിരവധി വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.