കേരളം

രാജ്യത്തെ ബീച്ചുകളില്‍ ഏറ്റവും കുറവ് മലിന ജലം കേരളത്തില്‍

തിരുവനന്തപുരം : രാജ്യത്ത് ബീച്ചുകളില്‍ ഏറ്റവും കുറവ് മലിന ജലം ഉള്ളത് കേരളത്തിലെ ബീച്ചുകളിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 12 തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളമാണ് ഒന്നാമത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘EnviStats India 2024: Environment Accounts’ലാണ് കേരളത്തിന്റെ നേട്ടം വിവരിച്ചിരിക്കുന്നത്.

തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2023-24ല്‍ കേരളത്തിന്റെ സ്‌കോറുകളും റാങ്കിങും മുന്‍ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടു. മൂന്ന് ലൊക്കേഷനുകളെ അടിസ്ഥാനമാക്കിയാണ് തീരദേശ ജല ഗുണനിലവാര സൂചിക തയ്യാറാക്കിയത്. ഈ മൂന്ന് ലൊക്കേഷനുകളിലും good എന്ന റാങ്ക് ആണ് കേരളത്തിന് ലഭിച്ചത്. തീരത്ത് നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കേരളത്തിന്റെ സ്‌കോര്‍ 74 ആണ്. കര്‍ണാടക (65), ഗുജറാത്ത് (60) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

തീരത്ത് നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ കേരളത്തിന്റെ സ്‌കോര്‍ 75 ആണ്. കര്‍ണാടകയും ഗുജറാത്തും തന്നെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 65,62 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളുടെ സ്‌കോര്‍. തീരത്ത് നിന്ന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ കേരളത്തിന് 79 പോയിന്റ് ഉണ്ട്. കര്‍ണാടക (73), തമിഴ്‌നാട്, ഗോവ (67) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

കേരള തീരദേശത്തെ ജലം മറ്റ് ഇന്ത്യന്‍ തീരങ്ങളേക്കാള്‍ മികച്ചതാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മണ്‍സൂണ്‍ കാലത്ത് ശുദ്ധജല ലഭ്യത വര്‍ദ്ധിക്കുന്നതാണ് ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടാന്‍ കാരണം. ഇത് ദോഷകരമായ പദാര്‍ത്ഥങ്ങളെ നേര്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരമായ ഒരു തീരദേശ ആവാസവ്യവസ്ഥയിലേക്കുള്ള മാറ്റത്തെയാണ് ഇത് കാണിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റിന്റെ (സിഡബ്ല്യുആര്‍ഡിഎം) ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഗ്രൂപ്പിന്റെ മേധാവി ഡോ.രശ്മി ടി ആര്‍ അഭിപ്രായപ്പെട്ടു. വെളളത്തില്‍ താപനില, ലവണാംശം, പിഎച്ച് മൂല്യം, രാസവസ്തുക്കള്‍, സൂക്ഷ്മ ജീവികള്‍, ഇ കോളി ബാക്ടീരിയ, ലോഹങ്ങള്‍, പെട്രോളിയം ഹൈഡ്രോകാര്‍ബണുകള്‍ തുടങ്ങിയവയുടെ അളവ് നിര്‍ണയിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button