കേരളം

ഗുജറാത്തിനും മണിപ്പൂരിനും ത്രിപുരക്കും അടിയന്തിര ദുരിതാശ്വാസ ഫണ്ട്, വയനാടിനെ വീണ്ടും തഴഞ്ഞു

ന്യൂഡൽഹി : മൂന്നൂറോളംപേർ കൊല്ലപ്പെട്ട വയനാട് ഉരുൾപൊട്ടൽ കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാതെ മോദിസർക്കാർ. ദേശീയ ദുരന്തപ്രതികരണ നിധി (എൻഡിആർഎഫ്)യിൽ നിന്ന് വിഹിതം അനുവദിച്ച് തിങ്കളാഴ്ച ഇറക്കിയ ധനസഹായ പട്ടികയിലും കേരളം ഉൾപ്പെട്ടില്ല. മൂന്ന് സംസ്ഥാനങ്ങൾക്ക് സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് മുൻകൂറായി 675കോടി രൂപ കൈമാറാനുള്ള ഉത്തരവാണ് തിങ്കളാഴ്ച ഇറങ്ങിയത്. ​

ഗുജറാത്ത് (600 കോടി രൂപ ), മണിപ്പൂർ (50 കോടി രൂപ), ത്രിപുര(25 കോടി രൂപ) വീതമാണ് മുൻകൂറായി നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. ഇത്തവണത്തെ കാലവർഷത്തിൽ ഉണ്ടായ നാശനഷ്ടം നേരിടാൻവേണ്ടിയാണ്‌ ദുരന്തപ്രതികരണനിധിയിലേക്ക് കേന്ദ്രവിഹിതം മുൻകൂറായി നൽകിയത്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോ​ഗസ്ഥരും മന്ത്രിമാരും അടങ്ങുന്ന സമിതി നടത്തിയ സന്ദർശനത്തിന്റെ അന്തിമ റിപ്പോർട്ട് വന്നശേഷം കൂടുതൽ സഹായം നൽകുമെന്നും ഉത്തരവിലുണ്ട്. അസം, മിസോറം, കേരളം, ത്രിപുര, നാ​ഗാലാന്റ് ​, ​ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് കാലവർഷക്കെടുതിയും പ്രളയവും വൻനാശനഷ്ടമുണ്ടാക്കിയതെന്ന് കേന്ദ്രറിപ്പോർട്ടിലുണ്ട്.

ഈ പട്ടികയിലുള്ള കേരളത്തിലാണ് മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ മരണമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം മേഖല സന്ദർശിച്ച് സ്ഥിതി ബോധ്യപ്പെട്ടിട്ടും കേന്ദ്രസഹായം കിട്ടിയിട്ടില്ല. ​ദുരന്തപ്രതികരണ നിധിയിലേക്ക് കേരളത്തിന് മുൻകൂർ സഹായം നൽകുന്നതിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. എന്നാൽ, വയനാട്‌ ദുരന്തത്തിനുശേഷം പ്രളയം ബാധിച്ച ആന്ധ്രപ്രദേശ്‌, തെലങ്കാന, ത്രിപുര, സിക്കിം, അസം സംസ്ഥാനങ്ങൾക്ക്‌ ഉടനടി കേന്ദ്രംസഹായം ലഭിച്ചു.

സെപ്‌തംബർ ഏഴിന്‌ വെള്ളപ്പൊക്കമുണ്ടായ തെലങ്കാനയിൽ കെടുതികൾ അവലോകനം ചെയ്യാനെത്തിയ കേന്ദ്ര കൃഷിമന്ത്രി ശിവരാജ്‌ ചൗഹാൻ തെലങ്കാനയ്‌ക്കും ആന്ധ്രപ്രദേശിനുമായി 3,448 കോടി പ്രഖ്യാപിച്ചു. ത്രിപുരയ്‌ക്ക്‌ 40 കോടിയും അസമിനും സിക്കിമിനുമായി 11,000 കോടിയും അനുവദിച്ചു. ഈ വർഷം മാത്രം 9044 കോടിരൂപ കേന്ദ്രം ദുരന്തപ്രതികരണ നിധിയിൽ നിന്ന് 21 സംസ്ഥാനങ്ങൾക്കായി നൽകി. ഇക്കൂട്ടത്തിലും കേരളം ഇല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button