കേരളം

ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു; ബം​ഗളൂരുവിൽ മലയാളി യുവതിക്കെതിരെ കേസ്

ബം​ഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി തീർത്ത പൂക്കളം അലങ്കോലമാക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പത്തനംതിട്ട സ്വദേശിയായ സിമി നായർക്കെതിരെയാണ് കേസ്. തന്നിസാന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പി​ഗെഹള്ളി പൊലീസാണ് കേസെടുത്തത്.

ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായാണ് കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്. പുലർച്ചെ നാല് മണിക്കാണ് പൂക്കളം പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ നിമിഷങ്ങൾക്കകം യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു.

കോമൺ‌ ഏരിയയിൽ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായർ തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സംഘർത്തെ തുടർന്നു ഓണ സദ്യ പാർക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷൻ വ്യക്തമാക്കി. ഏഴ് വർഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്. പൂക്കളം നശിപ്പിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവർക്കെതിരെ വ്യാപകമായ വിമർശനവും ഉയർന്നു. ഫ്‌ലാറ്റിലെ മറ്റുള്ളവർ പറഞ്ഞിട്ടും ഇവർ പൂക്കളം അലങ്കോലപ്പെടുത്തുന്നതിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. പൂക്കളത്തിൽ കയറി ഇവർ നിൽക്കുന്നതും വിഡിയോയിൽ കാണാം. ഫ്‌ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നും യുവതി വാദിക്കുന്നുണ്ട്.

പൂക്കളം നശിപ്പിക്കുന്ന വിഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്‌നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നൽകി. പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച് ഉത്സവങ്ങൾ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാർ പറയുന്നുണ്ടെങ്കിലും ഇവർ അംഗീകരിക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button