ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കരുത്, പള്ളിയില്‍ അടക്കം ചെയ്യണം; ഹൈക്കോടതിയെ സമീപിച്ച് മകള്‍
കൊച്ചി : അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചു. മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നു മകള്‍ ഹര്‍ജിയില്‍ പറയുന്നു. പള്ളിയില്‍ അടക്കം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.
എന്നാല്‍ പിതാവിന്റെ ആഗ്രഹം അനുസരിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കുന്നതെന്നാണ് മകന്‍ സജീവ് പറയുന്നത്. ആശയെ ചിലര്‍ കരുവാക്കുകയാണെന്നും സജീവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഇടവകയിലെ അംഗത്വമടക്കം ലോറന്‍സ് റദ്ദു ചെയ്തിരുന്നില്ലെന്ന് മകള്‍ ആശ മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്റെ ആഗ്രഹം അതില്‍ നിന്ന് വ്യക്തമാണെന്നും മകള്‍ പറയുന്നു. ഇന്ന് നാല് മണിക്ക് മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ട് നല്‍കാനായിരുന്നു തീരുമാനം.
ലോറന്‍സിന്റെ അവസാന യാത്രയയപ്പ് ചതിയിലൂടെയായിരുന്നുവെന്ന് മകള്‍ ആശാ ലോറന്‍സ് ഇന്നലെ പറഞ്ഞിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ലോറന്‍സിന്റെ മരണം.