അന്തർദേശീയം

ഇസ്രായേലി വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല; ഇറാഖിൽനിന്നും ആക്രമണം

ബെയ്റൂത്: വടക്കൻ ഇസ്രായേലിൽ ആക്രമണം തുടർന്ന് ഹിസ്ബുല്ല. റാമത് ഡേവിഡ് വ്യോമതാവളത്തിന് നേരെ രണ്ട് തവണ മിസൈൽ അയച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഫാദി 1, ഫാദി 2 എന്നീ മിസൈലുകളാണ് വിക്ഷേപിച്ചത്. ലബനാനിലെ നിരവധി സാധാരണക്കാരെ ഇസ്രായേൽ വധിച്ചതിനുള്ള തിരിച്ചടിയായിട്ടാണ് ആക്രമണമെന്ന് ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി.

ലബനാനിൽനിന്ന് 10 വിക്ഷേപണങ്ങൾ തിരിച്ചറിഞ്ഞാതയും അതിൽ ഭൂരിഭാഗവും പ്രതിരോധിച്ചതായും ഇന്നലെ രാത്രി ഇസ്രായേലി സൈന്യം അറിയിച്ചിരുന്നു. മിസൈൽ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, തെക്കൻ ലബനാനിലെ 400 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുല്ലയുടെ തിരിച്ചടി ഉണ്ടാകുന്നത്. ഗസ്സ യുദ്ധം ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങൾക്കാണ് വടക്കൻ ഇസ്രായേൽ സാക്ഷ്യം വഹിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വടക്കൻ ഇസ്രായേലിലെ നഹാരിയ്യ, ഏക്കർ, തിബിരിയാസ്, ഹൈഫ എന്നിവിടങ്ങളിലെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.

​ഇസ്രായേലിന് നേരെ ഇറാഖിൽനിന്നും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഇസ്‍ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് ആണ് ആക്രമണം നടത്തിയത്. ഡ്രോണുകൾ ഉപയോഗിച്ച് സുപ്രധാന ​മേഖലയിൽ ആക്രമണം നടത്തിയെന്ന് ഇവർ വ്യക്തമാക്കി. ഇസ്രായേലിന് പുറമെ ഇറാഖിലും സിറിയയിലുമുള്ള അമേരിക്കൻ സേനക്ക് നേരെയും ആക്രമണമുണ്ടായി. പലസ്തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്നും ഇവർ പ്രഖ്യാപിച്ചു. അതേസമയം, ഇറാഖിൽനിന്ന് വന്ന ആക്രമണങ്ങളെ പ്രതിരോധിച്ചതായും ആർക്കും പരിക്കില്ലെന്നും ഇസ്രായേലി സൈന്യം അവകാശപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button