കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് , കളമശേരിയിൽ പൊതുദർശനം
കൊച്ചി: അന്തരിച്ച പ്രമുഖ നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. എട്ടരയോടെ ലിസി ആശുപത്രിയിൽ നിന്ന് മൃതദേഹം കളമശ്ശേരി ടൗൺ ഹാളിലേക്ക് കൊണ്ടുപോകും. ഒൻപത് മണി മുതൽ ഉച്ചവരെ കളമശ്ശേരി മുന്‍സിപ്പല്‍ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാലുമണിക്ക് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ.
ഇന്നലെയാണ് കവിയൂര്‍ പൊന്നമ്മ വിടപറയുന്നത്. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. 1971,1972,1973, 1994 എന്നിങ്ങനെ നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. സംഗീത, നാടക രംഗത്ത് നിന്നും സിനിമാ മേഖലയിലെത്തി അമ്മ വേഷങ്ങളിൽ ശ്രദ്ധേയയായി. ടെലിവിഷനിലും സജീവമായിരുന്നു. നന്ദനം, കിരീടം, ചെങ്കോൽ, വാത്സല്യം, തേന്മാവിൻ കൊമ്പത്ത്, സന്ദേശം, ഹിസ്‌ഹൈനസ് അബ്ദുള്ള, ഭരതം, ബാബകല്യാണി, കാക്കകുയിൽ വടക്കുംനാഥൻ, തനിയാവർത്തനം തുടങ്ങി നാനൂറിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത്.