പുതിയ രൂപം പുതിയ ഭാവം യുവേഫ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം
ലണ്ടന്‍ : അടിമുടി മാറി, പുതിയ രൂപത്തിലും ഭാവത്തിലുമുള്ള യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പുതിയ സീസണിന് ഇന്ന് തുടക്കം. പതിവ് രീതികളില്‍ നിന്നു വ്യത്യസ്തമായാണ് ഇത്തവണ മുതല്‍ പോരാട്ടം. ഇത്തവണ മൊത്തം 36 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ടീമുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. മത്സരങ്ങള്‍ സോണി ലിവിലൂടെ ലൈവ് കാണാം.
പുതിയ രീതി അനുസരിച്ച് പ്രാഥമിക റൗണ്ടില്‍ ഒരു ടീമിനു എട്ട് എതിരാളികളെ നേരിടേണ്ടി വരും. നാല് വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഹോം പോരാട്ടവും നാല് വ്യത്യസ്ത ടീമുകള്‍ക്കെതിരെ എവേ പോരാട്ടവുമാണ് ടീമുകള്‍ കളിക്കുക. പ്രാഥമിക പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് വരുന്ന ടീമുകള്‍ പിന്നീട് ഫൈനലില്‍ മാത്രമേ നേര്‍ക്കുനേര്‍ വരികയുള്ളു.
ഇന്ന് എസി മിലാന്- ലിവര്‍പൂള്‍ പോരാട്ടമാണ് ശ്രദ്ധേയമാകുന്നത്. ബയേണ്‍ മ്യൂണിക്ക്, യുവന്റസ്, റയല്‍ മാഡ്രിഡ്, ആസ്റ്റന്‍ വില്ല ടീമുകളും ഇന്ന് കളത്തിലെത്തും. യുവന്റസ്, റയല്‍, ബയേണ്‍ ടീമുകള്‍ക്ക് ഹോം പോരാട്ടമാണ്. മിലാനും സ്വന്തം തട്ടകത്തിലാണ് ലിവര്‍പൂളിനെ നേരിടുന്നത്.
നിലവിലെ ചാംപ്യന്മാരായ റയല്‍ സ്റ്റുഗാര്ടുമായാണ് പോരിനിറങ്ങുന്നത്. യുവന്റസ്- പിഎസ്വി ഐന്തോവനെയാണ് നേരിടുന്നത്. ബയേണിന് ഡൈനാമോ സാഗ്രെബാണ് എതിരാളികള്‍. ആസ്റ്റന്‍ വില്ല എവേ പോരില്‍ യങ് ബോയ്സുമായാണ് മാറ്റുരയ്ക്കുന്നത്.
യുവന്റസ്- പിഎസ്വി, യങ് ബോയ്സ്- ആസ്റ്റന്‍ വില്ല മത്സരങ്ങള്‍ രാത്രി 10.15 മുതലാണ്. രാത്രി 12.30നാണ് റയല്‍- സ്റ്റുഗാര്‍ട്, ബയേണ്‍- ഡൈനാമോ, മിലാന്- ലിവര്‍പൂള്‍ പോരാട്ടങ്ങള്‍.