ട്രംപിന് നേരെയുണ്ടായ വധശ്രമം; അപലപിച്ച് കമലാ ഹാരിസ്
വാഷിംഗ്ടൺ ഡിസി : ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. വെടിവയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചു. അദ്ദേഹം സുരക്ഷിതനാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. അമേരിക്കയിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് കമലാ ഹാരീസ് പ്രതികരിച്ചു.
ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചയ്ക്ക് രണ്ടിനാണ് വെടിവയ്പ്പുണ്ടായത്. ക്ലബിൽ ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് കോഴ്സ് പാതി അടച്ചിരുന്നു. തോക്കുമായി എത്തിയ പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിവച്ചതായാണ് റിപ്പോർട്ടുകൾ.
പ്രതി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് (58) ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തെങ്കിലും എസ്യുവിയിൽ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
ഇയാൾ വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക്, രണ്ട് ബാക്ക്പാക്കുകൾ തുടങ്ങിയവ ഗോൾഫ് കോഴ്സിനു സമീപത്തു നിന്നു കണ്ടെടുത്തു. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സർവീസും അറിയിച്ചു.