ദേശീയം

മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജരിവാളിന് ജാമ്യം

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. സിബിഐ കേസില്‍ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ആറുമാസത്തിന് ശേഷമാണ് അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിക്കുന്നത്.

ഈ കേസില്‍ ഇതുവരെ നാലുകുറ്റപത്രമാണ് ഇതുവരെ സമര്‍പ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകും. അതുവരെ ഒരാളെ ജയിലില്‍ ഇടുകയെന്നത് തികച്ചും നിയമവിരുദ്ധമായ കാര്യമാണ്. ജാമ്യവുമായി ബന്ധപ്പെട്ട കാര്യം പരിഗണിക്കുമ്പോള്‍ ഒരുവ്യക്തിയുടെ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ഒഴിവാക്കാനാകാത്ത ഘട്ടത്തില്‍ മാത്രമാണ് ജയിലെന്നും കോടതി ചൂണ്ടിക്കാട്ടി.

കെജരിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ നടപടിയെ ജസ്‌സ് ഉജ്വല്‍ ഭുയന്‍ വിമര്‍ശിക്കുകയും ചെയ്തു. കേസ് എടുത്ത് 22 മാസമായിട്ടും സിബിഐക്ക് അറ്സ്റ്റ് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ഇത്തരം നടപടി അറസ്റ്റിനെക്കുറിച്ച് ഗുരതരമായ ചോദ്യം ഉയര്‍ത്തുന്നുവെന്നും അറസ്റ്റിന്റെ ആവശ്യകത തൃപ്തികരമല്ലെന്നും ജസ്റ്റിസ് ഉജ്വല്‍ ഭൂയാന്‍ അഭിപ്രായപ്പെട്ടു, എന്നാല്‍ അറസ്റ്റ് നിയമപരമെന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ അഞ്ചിന് കേസ് പരിഗണിച്ച സുപ്രീംകോടതി, വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കസ്റ്റഡിയിലിരിക്കെ, ജൂണ്‍ 26 നാണ് സിബിഐ അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്.

ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജൂലൈ 12 ന് കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി വിശാല ബെഞ്ചിന് വിടുകയും ചെയ്തു. എന്നാല്‍ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ തിഹാര്‍ ജയിലില്‍ നിന്നും മോചിതനായിരുന്നില്ല.

കെജരിവാളിന് ജാമ്യം നല്‍കുന്നതിനെ സിബിഐ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായര്‍ എന്നിവര്‍ക്കും, ബി ആര്‍എസ് നേതാവ് കെ കവിതയ്ക്കും ജാമ്യം ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button