അന്തർദേശീയം

ചരിത്രം, ബഹിരാകാശത്തിന്റെ ശൂന്യതയിലാദ്യമായി ചുവടുവച്ച് സിവിലിയൻ സഞ്ചാരികൾ

ഫ്ലോറിഡ: ചരിത്രത്തിലാദ്യമായി ബഹിരാകാശത്തിന്റെ ശൂന്യതയിൽ ചുവടുവച്ച് സിവിലിയൻ സഞ്ചാരികൾ. സ്പേസ് എക്സിന്റെ പൊളാരിസ് ഡോൺ ദൗത്യത്തിലെ ജറേഡ് ഐസക്‌മാൻ (അമേരിക്കൻ സംരംഭകൻ),​ സാറാ ഗില്ലിസ് (സ്പേസ് എക്സ് എൻജിനിയർ) എന്നിവരാണ് ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ അകലെ ബഹിരാകാശത്ത് നടന്ന് (സ്പേസ് വാക്ക്) ചരിത്രം കുറിച്ചത്.

സഹയാത്രികരായ സ്കോട്ട് പൊട്ടീറ്റ് (യു.എസ് എയർഫോഴ്സ് മുൻ പൈലറ്റ്), അന്ന മേനോൻ (സ്പേസ് എക്സ് എൻജിനിയർ) എന്നിവർ ക്രൂ ഡ്രാഗൺ പേടകത്തെ നിയന്ത്രിച്ചു. സ്പേസ് വാക്ക് ദൃശ്യങ്ങൾ സ്പേസ് എക്സ് ലൈവായി പുറത്തുവിട്ടിരുന്നു. സ്വകാര്യ വ്യക്തികൾ സ്പേസ് വാക്ക് നടത്തിയത് ഭാവിയിലെ ബഹിരാകാശ ടൂറിസത്തിലേക്കുള്ള വമ്പൻ ചുവടുവയ്പായി.ചൊവ്വാഴ്ചയാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിൽ പേടകം വിക്ഷേപിച്ചത്. അഞ്ച് ദിവസത്തെ ദൗത്യത്തിന് ശേഷം പേടകം അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ ലാൻഡ് ചെയ്യും.

കോടീശ്വരനായ ജറേഡ് ഐസക്‌മാൻ ആണ് ദൗത്യത്തിന്റെ സ്പോൺസർ. സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റിന്റെ ലേസർ കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യ ബഹിരാകാശത്ത് പരീക്ഷിക്കുന്നതുൾപ്പെടെ 36 പരീക്ഷണങ്ങളും സഞ്ചാരികൾ നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button