മാൾട്ടാ വാർത്തകൾ

പൗള ഹെൽത്ത് സെന്റർ കരാർ സർക്കാർ റദ്ദാക്കി, നിർമാണകമ്പനിക്ക് 2 മില്യൺ യൂറോ പിഴ

പൗള വിന്‍സെന്റ് മോറന്‍ ഹെല്‍ത്ത് സെന്ററിന്റെ നിര്‍മാണ കരാര്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജോ എറ്റിയെന്‍ അബെല സ്ഥിരീകരിച്ചു. നിര്‍മാണകമ്പനിയായ എര്‍ഗോണ്‍ടെക്‌നോലിന്‍ കണ്‍സോര്‍ഷ്യത്തിന് 2 മില്യണ്‍ യൂറോ പിഴയും സര്‍ക്കാര്‍ ചുമത്തിയിട്ടുണ്ട്. 2021 ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പൊതുജങ്ങള്‍ക്കായി തുറന്നുകൊടുക്കേണ്ടിയിരുന്നതാണ് പൗള ഹെല്‍ത്ത് സെന്റര്‍. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ലിഫ്റ്റുകള്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍, ആരോഗ്യം, സുരക്ഷ എന്നിവയ്ക്കുള്ള കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കമ്പനി ഇനിയും കൈമാറിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു.

നേരത്തെ പദ്ധതി അനിശ്ചിതമായി നീണ്ടതോടെയാണ് കരാര്‍ അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കായി ഓഡിറ്റ് സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെങ്കിലും, അടുത്ത സമയങ്ങളിലായി കരാറുകാരന്‍ 17 വട്ടമാണ് കരാര്‍പ്രകാരമുള്ള ലംഘനം നടത്തിയതായി കണ്ടെത്തിയത്. മിക്കതും സര്‍ട്ടിഫിക്കേഷനും ഗുണനിലവാര നിയന്ത്രണവുമായി ബന്ധപ്പെട്ടതാണ് . ഈ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നതുവരെ പദ്ധതിയില്‍ ഒപ്പുവെക്കാനും കെട്ടിടം ഏറ്റെടുക്കാനും സര്‍ക്കാരിന് കഴിയില്ല.

നിര്‍മാണ പ്രഖ്യാപനം മുതല്‍ക്കേ, കുഴപ്പങ്ങളിലൂടെ കടന്നുപോകുന്ന നിര്‍മാണ ചരിത്രമാണ് പാവോല ഹെല്‍ത്ത് ഹബ്ബിനുള്ളത്. ഒരു ദശാബ്ദത്തിനുമുമ്പ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരിന് ഭൂമിയില്‍ പട്ടയം ഇല്ലാത്തതിനാല്‍ അത് മുന്നോട്ടുപോയില്ല. 39 മില്യണ്‍ യൂറോയുടെ മുതല്‍മുടക്കില്‍ മുന്‍ പൗള ബോസി ക്ലബിന്റെ സൈറ്റ് നീക്കിവച്ചതോടെ 2017ല്‍ ഈ പ്രോജക്റ്റ് ഗ്രീന്‍ലൈറ്റ് ചെയ്യപ്പെട്ടു. 2020ഓടെ ഹെല്‍ത്ത് സെന്റര്‍ തുറക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ബോണിസി ബ്രദേഴ്‌സ്, റേ വെല്ല, പന്തലെസ്‌കോ എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യമായ എസ്പി ബിബി ഇന്റര്‍നാഷണല്‍ ജെവിക്ക് പദ്ധതിയുടെ ടെന്‍ഡര്‍ നല്‍കാനുള്ള തീരുമാനത്തെ നിരവധി ലേലക്കാര്‍ എതിര്‍ത്തതോടെ പദ്ധതി വീണ്ടും വഴിമുട്ടി . ഇതാണ് ഇപ്പോള്‍ കരാര്‍ റദ്ദാക്കല്‍ അടക്കമുള്ള നീക്കങ്ങളിലേക്ക് എത്തിയിരിക്കുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button