ദേശീയം

ഇന്ത്യന്‍ ആകാശത്തിന്‍റെ നിയന്ത്രണം ടാറ്റ ഗ്രൂപ്പിന്‍റെയും ഇന്‍ഡിഗോയുടെയും അധീനതയിലേക്ക്

കൊച്ചി: ഇന്ത്യന്‍ വ്യോമയാന വിപണി രാജ്യത്തെ രണ്ട് മുന്‍നിര കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ മേധാവിത്തത്തിലേക്ക് നീങ്ങുന്നു. രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍ കമ്പനികളായ വിസ്താരയും എയര്‍ ഇന്ത്യയും ലയിക്കുന്നതോടെ ഇന്ത്യന്‍ ആകാശത്തിന്‍റെ നിയന്ത്രണം ടാറ്റ ഗ്രൂപ്പിന്‍റെയും ഇന്‍ഡിഗോയുടെയും അധീനതയിലാകുന്നു. ടാറ്റ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായി ആരംഭിച്ച വിസ്താരയുടെ പ്രവര്‍ത്തനം നവംബര്‍ പതിനൊന്നിന് പൂര്‍ണമായും എയര്‍ ഇന്ത്യയുടെ കീഴിലാകും. ഗോ ഫസ്റ്റ് പ്രവര്‍ത്തനം നിറുത്തിയതും സ്പൈസ് ജെറ്റിന്‍റെ സാമ്പത്തിക പരാധീനതകളും മൂലം ഈ രണ്ട് കമ്പനികള്‍ക്ക് വിപണിയില്‍ അപ്രമാധിത്വം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഇതോടെ അതിവേഗം വളരുന്ന ഇന്ത്യന്‍ വ്യോമയാന വിപണിയുടെ എണ്‍പത് ശതമാനം വിഹിതം എയര്‍ ഇന്ത്യയുടെയും ഇന്‍ഡിഗോയുടെ കൈകളിലേക്ക് മാറ്റും. ഇതോടെ ആഭ്യന്തര സര്‍വീസുകളില്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂടാനിടയുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. നിരവധി പുതിയ വിമാനത്താവളങ്ങളുമായി ഇന്ത്യന്‍ വ്യോമയാന വിപണി മികച്ച മുന്നേറ്റം നടത്തുമ്പോഴാണ് കുത്തകവല്‍ക്കരണം ശക്തമാകുന്നത്.

ലയനം പൂര്‍ണമാകുന്നതോടെ സെപ്തംബര്‍ 12 മുതല്‍ ഉപഭോക്താക്കള്‍ക്ക് വിസ്താരയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവില്ല. വിസ്താര സര്‍വിസ് നടത്തുന്ന റൂട്ടുകളില്‍ നവംബര്‍ 12നോ അതിനു ശേഷമോ പുറപ്പെടുന്ന വിമാനങ്ങളുടെ ബുക്കിംഗ് സെപ്തംബര്‍ മൂന്ന് മുതല്‍ എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് മാറും. പൊതു മേഖല കമ്പനിയായ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം വിസ്താരയുമായുള്ള 2022 നവംബറിലാണ് ലയനം പ്രഖ്യാപിച്ചത്. ലയന ശേഷം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.

ഇന്ത്യയില്‍ നിന്ന് ആഗോള വ്യോമയാന രംഗത്തെ താരമാകാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ടാറ്റ ഗ്രൂപ്പ് 2,700 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തത്. 250 എയര്‍ ബസുകളും 220 ബോയിംഗ് ജെറ്റുകളും വാങ്ങുന്നതിന് കമ്പനി കരാര്‍ നല്‍കാന്‍ ഒരുങ്ങുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button